കേരളത്തില്‍ ഒരാഴ്ചക്കിടെ പവന് 2,680 രൂപയുടെ ഇടിവ്.

കേരളത്തില്‍ സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത്. ജൂണ്‍ 7-ന് പവന് 1,12,000 രൂപയായിരുന്ന സ്വർണവില ഒരാഴ്ചയ്ക്കിടെ 2,680 രൂപ കുറഞ്ഞ് ശനിയാഴ്ച 1,09,320 രൂപയിലെത്തി.ജൂണ്‍ 8 നാണ് പവൻ വിലയില്‍ ആദ്യം ഇടിവ് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,240 രൂപയായി കുറഞ്ഞ വില പക്ഷേ തൊട്ടടുത്ത ദിവസം 1,12,320 രൂപയായി ഉയർന്നു. 10-ന് വീണ്ടും താഴ്ന്ന വില 11-ന് 1,06,800 രൂപ എന്ന ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. തുടർന്ന് ശനിയാഴ്ച നേരിയ തോതില്‍ വർധിച്ച്‌ 1,09,320 രൂപയായി. സ്വർണം അടുത്ത ആഴ്ചയും ഇടിയുമോ അതോ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമോയെന്നതാണ് ഇപ്പോള്‍ ആഭരണപ്രേമികള്‍ ഉറ്റുനോക്കുന്നത്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണവിലയെ സ്വാധീനിച്ച പ്രധാന ഘടകങ്ങളിലൊന്ന്. ചർച്ചകള്‍ പുരോഗമിക്കുന്നുവെന്ന സൂചനകള്‍ വിപണിയില്‍ അനുകൂല വികാരം സൃഷ്ടിച്ചിട്ടുണ്ട്. കരാർ സംബന്ധിച്ച വ്യക്തത വരുകയും ധാരണ ഔദ്യോഗികമാവുകയും ചെയ്താല്‍ വിപണിയില്‍ പുതിയ നിക്ഷേപ ഒഴുക്ക് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നിലവിലെ ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സ്വർണവിലയില്‍ വീണ്ടും വർധന രേഖപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Previous Post Next Post