2014ന് മുമ്പുള്ള പെൻഷൻകാര്‍ക്ക് തിരിച്ചടി; ഉയര്‍ന്ന പെൻഷൻ റദ്ദാക്കി ഇ.പി.എഫ്.ഒ.

2014-ന് മുൻപ്‌ വിരമിച്ച്‌, വിവിധ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഉയർന്ന പെൻഷൻ കൈപ്പറ്റിയിരുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേകി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കൂട്ടനടപടി.ഈ വിഭാഗത്തില്‍പ്പെട്ടവരുടെ അധിക പെൻഷൻ റദ്ദാക്കിയ ഇ.പി.എഫ്.ഒ., ഇതുവരെ കൈപ്പറ്റിയ തുക ഒന്നിച്ച്‌ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് പെൻഷൻകാർക്ക് നോട്ടീസ് അയച്ചുതുടങ്ങി.

വിരമിക്കുന്നതിന് മുൻപ് ജീവനക്കാരും തൊഴിലുടമയും സംയുക്തമായി നല്‍കേണ്ട 'ജോയിന്റ് ഓപ്ഷൻ' സമർപ്പിച്ചില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് വർഷങ്ങളായി വാങ്ങിയിരുന്ന പെൻഷൻ തുക ഒരൊറ്റ രാത്രികൊണ്ട് റദ്ദാക്കിയിരിക്കുന്നത്.

പ്രായസഹജമായ അസുഖങ്ങളും മരുന്നിനുള്ള ചിലവുകളുമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ കഷ്ടപ്പെടുന്ന പ്രായമായ പെൻഷൻകാരെയാണ് ഇ.പി.എഫ്.ഒ.യുടെ ഈ കടുംവെട്ട് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഒന്നിച്ച്‌ ഡിമാൻഡ് ഡ്രാഫ്റ്റായി (DD) അടയ്ക്കണമെന്നാണ് നോട്ടീസിലെ കർശന നിർദേശം.
Previous Post Next Post