തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. 20 കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി, അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു.
നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. സിപിഎം കൗണ്‍സിലർ എസ് പി ദീപക്ക് നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. ദൈവം എന്ന പദത്തിന്റെ വിപുലീകരണം ചട്ടത്തില്‍ ഇല്ല. ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി പറയുന്നു.