പെരുമ്പാവൂരില്‍ ആഞ്ഞടിച്ച് ഓപ്പറേഷന് തൂഫാന്. അന്യസംസ്ഥാന തൊഴിലാളികള് ഏറ്റവും കൂടുതലായുള്ള പെരുമ്പാവൂരില് കഴിഞ്ഞ ദിവസങ്ങളിലായി മിന്നല് പരിശോധന നടത്തി വരികയാണ് പോലീസ്.പെരുമ്പാവൂരിലെ ഭായ് കോളനിയില് നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു മയക്കുമരുന്ന് വില്പ്പനയും പെണ്വാണിഭവുമാണ് നടന്നിരുന്നത്. ശനി, ഞായര് ദിവസങ്ങളില് പെണ്കുട്ടികള് ഉള്പ്പെടെയുള്ള കോളേജ് വിദ്യാര്ഥികള് എത്തി മയക്കുമരുന്ന് വാങ്ങുന്നത് പതിവായി മാറിയിരുന്നു. അന്ന് പോലീസ് പരിശോധനകളും ഉണ്ടായിരുന്നില്ല. ലഹരിയുമായി ഒരാളെ പിടിച്ചാലും അപ്പോള് തന്നെ ജാമ്യത്തില് വിടുകയും ചെയ്യും.
അതിനെതിരെ നാട്ടുകാര് പ്രതികരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഷെരീഫ് പുല്ലാട്ട് എന്ന പ്രവര്ത്തകന് അഞ്ചു ദിവസം ജയിലില് കിടന്നു. പിന്നാലെ എസ്പി ചര്ച്ചയ്ക്ക് വിളിച്ചു. പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തു നിന്നും വീഴ്ചകളുണ്ടെന്ന് നാട്ടുകാര് ബോധ്യപ്പെടുത്തിയതോടെ പ്രദേശത്ത് 24 മണിക്കൂറും പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ് നല്കുകയായിരുന്നു.