മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ് എല്‍ അക്ഷയ് ഞായറാഴ്ച അന്തരിച്ചു. 39 വയസ്സായിരുന്നു. ബെംഗളൂരുവില്‍ ലോക്കല്‍ ഡിവിഷൻ ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ശിവമൊഗ്ഗ സ്വദേശിയായ അക്ഷയ് നേരത്തെ രഞ്ജി ട്രോഫിയില്‍ കർണാടകയെ പ്രതിനിധീകരിക്കുകയും നിലവില്‍ മഹാരാജ ട്രോഫി കെഎസ്സിഎ ടി20 എന്നറിയപ്പെടുന്ന കർണാടക പ്രീമിയർ ലീഗില്‍ കളിക്കുകയും ചെയ്തിട്ടുണ്ട്. കെ ആർ പുരത്തെ ഒരു ഗ്രൗണ്ടില്‍ തേർഡ് ഡിവിഷൻ മത്സരം കളിക്കുകയായിരുന്നു അക്ഷയ്. ഉച്ചയ്ക്ക് ഫീല്‍ഡ് ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അക്ഷയ്യുടെ വിയോഗം കർണാടക ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. നിരവധി മുൻ കളിക്കാരും ഭാരവാഹികളും ദുഃഖം രേഖപ്പെടുത്തി.