കോഴിക്കോട് :ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്ന് ലഭിച്ചത് മുറിവില്‍ കെട്ടുന്ന ബാൻഡേജ്.കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയില്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എം.എം റസ്റ്റോറന്‍റില്‍ നിന്നാണ് ഈ ദുരനുഭവമുണ്ടായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആശുപത്രിയില്‍ ബന്ധുവിനൊപ്പം എത്തിയ യുവാവ് ഇവിടെ ഭക്ഷണം കഴിക്കാനായി കയറി. കഴിച്ചു കൊണ്ടിരിക്കേ ഓര്‍ഡര്‍ ചെയ്ത കറിയില്‍ നിന്നും ബാൻഡേജ് ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കോര്‍പറേഷന്‍ ക്ലീന്‍സിറ്റി മാനേജര്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.പി ഷൈലേഷ്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.