നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ മനീഷ് യാദവ് അറസ്റ്റില്‍.ചോദ്യപേപ്പര്‍ വിതരണം ചെയ്ത രാകേഷ് മണ്ഡാവരിയും പിടിയിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളില്‍ നിന്നായി ഒന്‍പതുപേര്‍ അറസ്റ്റിലായി. സംഭവത്തില്‍ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന പരാതിക്ക് പിന്നാലെ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്(യുജി)പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന പരീക്ഷയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റദ്ദാക്കിയത്.

പുതിയതായി പരീക്ഷ നടത്തുന്ന തീയ്യതി പിന്നീട് അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അവകാശപ്പെട്ടിരുന്നത്. 24 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷാണ് റദ്ദാക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ സിഖറില്‍ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് നീറ്റ് പരീക്ഷയുടെ യഥാര്‍ഥ ചോദ്യപേപ്പറുമായി വലിയ തോതില്‍ സാമ്യമുള്ളതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും സംശയനിഴലിലായത്. സംഭവത്തില്‍ രാജസ്ഥാന്‍ പോലിസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് അന്വേഷണം നടത്തിയത്.

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ റദ്ദാക്കിയ പരീക്ഷയ്ക്ക് പകരം വീണ്ടും നടത്തേണ്ട പരീക്ഷയുടെ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. ഒരിക്കല്‍ പരീക്ഷയെഴുതിയതിനാല്‍ പുതുതായി രജിസ്ട്രേഷന്‍ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി. മുന്‍പ് പണമടച്ചവര്‍ക്ക് ഫീസ് ഇളവ് നല്‍കാനോ അല്ലെങ്കില്‍ പഴയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കാനോ ആണ് നിലവിലെ തീരുമാനം.
Previous Post Next Post