മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമർശനം.
പിണറായിയുടെ പ്രവർത്തന ശൈലി മാറണമെന്നും മുഖ്യമന്ത്രിയായ അതേ ശൈലി പ്രതിപക്ഷ നേതാവ് ആകുമ്പോള്‍ ഉണ്ടാവരുതെന്നും കോട്ടയം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പാർട്ടി സെക്രട്ടറി അടക്കം സിപിഎം നേതാക്കള്‍ ജനങ്ങളില്‍ നിന്ന് അകലുന്നു എന്നും വിമർശനം. കേരള കോണ്‍ഗ്രസിനെതിരെയും ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമർശനമുണ്ടായി. ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് എം ക്രോസ് വോട്ട് ചെയ്തുവെന്നും കേരള കോണ്‍ഗ്രസ് വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിയെന്നും കമ്മിറ്റി വിലയിരുത്തി. കോട്ടയത്ത് സ്ഥാനാർത്ഥി നിർണയത്തിലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അനില്‍കുമാറിന് പകരം സുരേഷ് കുറുപ്പിനെ ഇറക്കിയാല്‍ ജയിക്കുമായിരുന്നു എന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടുന്നു.
അതേസമയം, വിവിധ ജില്ലാ നേതൃയോഗങ്ങളില്‍ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും സംരക്ഷിക്കുകയാണ് സിപിഎം നേതൃനിര. സിപിഎമ്മില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന ഇടതുമുന്നണി കണ്‍വീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിമർശനങ്ങള്‍ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുതെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്റെയും പേര് പറഞ്ഞാണ് ജില്ലാ നേതൃയോഗങ്ങളില്‍ അടക്കം കടുത്ത വിമർശനങ്ങള്‍ ഉയരുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതാണ് നല്ലതെന്ന് എം വി ഗോവിന്ദൻ ഇരുന്ന പാർട്ടി യോഗങ്ങളില്‍ തന്നെ അഭിപ്രായമുണ്ട്. പത്ത് വർഷം ഭരിച്ച് തോറ്റ പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിലുമുണ്ട് വ്യാപക വിമർശനം. പ്രായപരിധി ഇളവില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുന്ന പിണറായി വിജയനെതിരെ പിബിയിലെ മുറുമുറുപ്പിന് പിന്നാലെ കാഴ്ഘടകങ്ങളില്‍ നിന്നും എതിർസ്വരം ഉയരുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതിരോധം.