കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്. നിലവില്‍ എം.എല്‍.എ. സ്ഥാനത്തേക്ക് വിജയിച്ചവരില്‍നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായി ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ആരുടേയും പേര് ജോസഫ് വിഭാഗം നിർദേശിച്ചിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
അതേസമയം പതിനാറാം മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചർച്ചകള്‍ യുഡിഎഫില്‍ തകൃതിയായി നടക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കുമെന്നാണ് വിവരം. അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്ന് ഉറച്ച് നില്‍ക്കുകയാണ് ചെന്നിത്തല. മുസ്ലിം ലീഗുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്ന് വി ഡി സതീശൻ പറഞ്ഞതായിട്ടാണ് വിവരം. ലീഗ് വഴങ്ങിയില്ലെങ്കില്‍ ഐ സി ബാലകൃഷ്ണൻ, ടി ജെ വിനോദ് , ജ്യോതികുമാർ ചാമക്കാല എന്നിവരില്‍ ഒരാളെ മന്ത്രിയാക്കണമെന്ന് ആണ് ബദലായി നല്‍കിയ നിർദേശം.