രാജസ്ഥാനെ വീഴ്ത്തി ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍.

ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ ഗുജറാത്ത് അനായാസം മറികടന്നു. 47 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ 53 പന്തില്‍ 104 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ 32 പന്തില്‍ 58 റണ്‍സെടുത്ത സായ് സുദര്‍ശൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി പുറത്തായി.

9 പന്തില്‍ 16 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വിക്കറ്റും ഗുജറാത്തിന് നഷ്ടമായി. 9 പന്തില്‍ 17 റണ്‍സുമായി രാഹുല്‍ തെവാട്ടിയയും 9 പന്തില്‍ 9 റണ്‍സുമായി ജോസ് ബട്‌ലറും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-സുദര്‍ശൻ ഓപ്പണിംഗ് സഖ്യം 12.5 ഓവറില്‍ 168 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്‍റെ എതിരാളികള്‍.സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 214-6, ഗുജറാത്ത് ടൈറ്റൻസ് 18.3 ഓവറില്‍ 219-3.

അനായാസം ഗുജറാത്ത്

ബാറ്റിംഗ് അനായാസമല്ലാത്ത പിച്ചില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം ഗുജറാത്തിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിച്ച ഗില്ലും സുദര്‍ശനും ഗുജറാത്തിന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ആര്‍ച്ചറുടെ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച സുദര്‍ശനും ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഗുജറാത്തിനെ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സെടുത്തു. 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്ലായിരുന്നു ആക്രമണകാരി. ഒമ്പതാം ഓവറില്‍ 100 കടന്ന ഗുജറാത്തിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന റെക്കോര്‍ഡും ഗില്ലും സുദര്‍ശനും സ്വന്തം പേരിലാക്കി. രവീന്ദ്ര ജഡേജ എറിഞ്ഞ ആദ്യ ഓവറില്‍ 19 റണ്‍സടിച്ച ഗില്ലും സുദര്‍നും ചേര്‍ന്ന് 10 ഓവറില്‍ ഗുജറാത്തിനെ 127 റണ്‍സിലെത്തിച്ചു.
Previous Post Next Post