സ്വര്‍ണ വില ഇന്ന് കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ ഉയർച്ചയ്ക്ക് പിന്നാലെയാണ് വില താഴ്ന്നത്.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.


ഇന്ന് കേരളത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 14,395 രൂപയാണ്. ഇതോടെ ഒരു പവൻ (എട്ട് ഗ്രാം) സ്വർണത്തിന്റെ വില 1,15,160 രൂപയായി. ഇന്നലെ ഗ്രാമിന് 14,450 രൂപയും പവന് 1,15,600 രൂപയുമായിരുന്നു വില. ഒരു ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവാണ് ഉണ്ടായത്.

18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഇന്നലെ ഗ്രാമിന് 11,940 രൂപയും പവന് 95,520 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,895 രൂപയായപ്പോള്‍ പവൻ വില 95,160 രൂപയായി. ഇതോടെ 18 കാരറ്റ് സ്വർണത്തിന് പവന് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആഭരണ വിപണിയില്‍ വില കുറഞ്ഞത് വിവാഹ ആവശ്യങ്ങള്‍ക്കും നിക്ഷേപ ആവശ്യങ്ങള്‍ക്കും സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആശ്വാസമാണ്. അതേസമയം, വില ഇപ്പോഴും ഉയർന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ വിപണി ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നത്.

കേരളത്തില്‍ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന് വെള്ളിയാഴ്ച ശക്തമായ പിന്തുണ ലഭിച്ചു. രണ്ട് മാസത്തിനിടയിലെ താഴ്ചയില്‍ നിന്ന് തിരിച്ചുകയറിയ സ്വർണം ഔണ്‍സിന് 4,500 ഡോളർ നിലവാരം മറികടന്ന് 4,539 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിന് പിന്തുണ.
Previous Post Next Post