മാതാപിതാക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം? രാജ്യത്ത് ചര്‍ച്ചയായി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം!


സംവരണ സംവിധാനത്തെയും സാമൂഹിക പുരോഗതിയെയും മുൻനിർത്തി അതീവ പ്രാധാന്യമുള്ള നിരീക്ഷണങ്ങളുമായി സുപ്രീം കോടതി.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഇതിനകം മികച്ച മുന്നേറ്റം കൈവരിച്ച കുടുംബങ്ങള്‍ ഇപ്പോഴും ക്വാട്ട ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതിനെ വെള്ളിയാഴ്ച കോടതി ശക്തമായി ചോദ്യം ചെയ്തു. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർ പരിധിയില്‍ വരുന്നവരുടെ സംവരണാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ നിന്നും ഇത്തരമൊരു പരാമർശമുണ്ടായത്. മാതാപിതാക്കള്‍ രണ്ടുപേരും ഉയർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഒരു കുടുംബത്തിലെ കുട്ടികള്‍ക്ക് വീണ്ടും സംവരണ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടോ എന്ന് കോടതി നേരിട്ട് ചോദിച്ചു.

വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ ഒരു കുടുംബത്തിന് സാമൂഹികമായ ചലനാത്മകതയും വളർച്ചയും ഉണ്ടാകുന്നുണ്ടെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാണിച്ചു. ഉയർന്ന പദവികളില്‍ എത്തിയവരുടെ കുട്ടികള്‍ക്കും തലമുറകളായി വീണ്ടും സംവരണം അനുവദിച്ച്‌ മുന്നോട്ട് പോയാല്‍ ഈയൊരു വ്യവസ്ഥയില്‍ നിന്നും രാജ്യം ഒരിക്കലും പുറത്തുകടക്കില്ലെന്നും, അത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്നും കോടതി ബെഞ്ച് വ്യക്തമാക്കി. നിലവില്‍ ഇത്തരം മുന്നാക്ക അവസ്ഥയിലെത്തിയ വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനായി നിരവധി സർക്കാർ ഉത്തരവുകള്‍ നിലവിലുണ്ടെങ്കിലും പലരും ഈ ഒഴിവാക്കലുകളെ കോടതിയില്‍ ചോദ്യം ചെയ്യുകയാണെന്നും, ഈ യാഥാർത്ഥ്യം കൂടി നാം എപ്പോഴും ഓർമ്മയില്‍ വെക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

Previous Post Next Post