'കൊല്ലാനേ കഴിഞ്ഞുള്ളൂ, തോല്‍പ്പിക്കാനായില്ല' എന്നാണ് 51 വെട്ടേറ്റ് ക്രൂരമായി കൊല്ലപ്പെട്ട ടിപിയുടെ ചേതനയറ്റ ശരീരത്തിന് മുൻപിലിരുന്ന് അന്ന് കെ കെ രമ പറഞ്ഞത്.അതു നടന്നത് 2012 മേയ് 4നാണ്. മറ്റൊരു മെയ് നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ നെഞ്ചിലെ അണയാത്ത കനലുമായി കെ കെ രമ കുറിച്ചത് 'കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊള്ളുന്ന വെയിലത്ത് നഗ്നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരന് കഴിഞ്ഞു' എന്നാണ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടങ്ങളില്‍ പിണറായി വിജയന്‍ ധര്‍മടത്ത് പിന്നിലായപ്പോഴായിരുന്നു ഈ കുറിപ്പ്. പാർട്ടിക്കോട്ടയായ കണ്ണൂരില്‍ അടക്കം അണികള്‍ സിപിഎമ്മിനെ തിരുത്തി എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.
കുലംകുത്തിയെന്ന് ടി പി ചന്ദ്രശേഖരനെ വിളിച്ച പിണറായി വിജയനെതിരായ സമരം കൂടിയാണ് കെ കെ രമയുടെ ഇന്നത്തെ രാഷ്ട്രീയ ജീവിതം. ടി പി ചന്ദ്രശേഖരന്‍റെ അമ്പത്തൊന്ന് വെട്ടിന് കേരളം മധുര പ്രതികാരം ചെയ്തുവെന്നാണ് രണ്ടാമതും വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം കെ കെ രമ പ്രതികരിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കിയാണ് രമ കേരള നിയമസഭയില്‍ തുടർച്ച നേടിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സോഷ്യലിസ്റ്റുകള്‍ക്കും വളക്കൂറുള്ള മണ്ണ് ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിന് ശേഷം അടിമുടി മാറുകയായിരുന്നു. 2021-ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കെ കെ രമ 7,491 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇത്തവണ 70,117 വോട്ടുകള്‍ നേടി 14862 വോട്ടുകളുടെ ഭൂരിപക്ഷമാണ് വോട്ടർമാർ രമയ്ക്ക് നല്‍കിയത്. ഇടതുകോട്ട തിരിച്ചു പിടിക്കാനിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം കെ ഭാസ്കരന് 55,255 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ. ദിലീപ് 14,295 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.
വടകരയുടെ വികസനത്തിനൊപ്പം അക്രമരഹിത രാഷ്ട്രീയമെന്ന മുദ്രാവാക്യം മുന്നോട്ടുവച്ചാണ് കെ കെ രമ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ജനാധിപത്യത്തിന്റെ വിജയമാണെന്നും ടിപിയുടെ ഘാതകര്‍ക്കുള്ള ശിക്ഷയാണെന്നും കെ കെ രമ പറഞ്ഞു.മെയ് നാല് എന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ടിപി ചന്ദ്രശേഖരനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രമാണെന്നും അദ്ദേഹം സന്തോഷിക്കുന്നുണ്ടാവുമെന്നു രമ പ്രതികരിച്ചു.