നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച്ച സംഭവിച്ചതായി സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.ഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലാണ് എന്‍ടിഎ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സമ്മതിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്ററി സമിതി അതൃപ്തി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ലഭിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി എന്‍ടിഎയ്ക്ക് നിര്‍ദേശം നല്‍കി. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
പാര്‍ലമെന്ററി സമിതി ചെയര്‍പേഴ്സണ്‍ ദിഗ് വിജയ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. എന്‍ടിഎ ചെയര്‍പേഴ്സണ്‍, ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി തുടങ്ങിയവരെ വിദ്യാഭ്യാസ പാര്‍ലമെന്ററി സമിതി യോഗത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ജനരോഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം ചേര്‍ന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതല്‍ വിശദികരിക്കാന്‍ കഴിയില്ല എന്ന് എന്‍ടിഎ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കൂടുതല്‍ അറിയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. വീഴ്ച്ച തുടര്‍ന്നും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്‌തെന്നും അദേഹം പറഞ്ഞു.
കുറ്റമറ്റ രീതിയില്‍ പുനഃപ്പരീക്ഷ നടത്താന്‍ തീരുമാനിച്ച കാര്യവും എന്‍ടിഎ പാര്‍ലമെന്ററി സമിതിയെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 21ന് പുനഃപരീക്ഷ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പര്‍ ചോര്‍ച്ച ബാധിച്ചു എന്ന് എന്‍ടിഎ അറിയിച്ചു. ഇന്റലിജന്‍സ് പരാജയം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന അഭിപ്രായം പാര്‍ലമെന്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികള്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധര്‍മേന്ദ്ര പ്രധാന്‍ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാര്‍ലമെന്ററി സമിതി ചര്‍ച്ച ചെയ്‌തെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.