അവസാന പന്തില്‍ ആര്‍സിബിക്ക് നാടകീയ ജയം; രണ്ട് ടീമുകള്‍ ഐപിഎല്ലിന് പുറത്ത്.

ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ മുംബയ് ഇന്ത്യന്‍സിനെ അവസാന പന്തില്‍ മറികടന്ന് ആര്‍സിബി. മുംബയ് ഉയര്‍ത്തിയ 167 റണ്‍സ് വിഡയലക്ഷ്യം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി മറികടന്നത്.ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ആര്‍സിബിക്ക് തുണയായത്. 46 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറിയും സഹിതം 73 റണ്‍സാണ് പാണ്ഡ്യ നേടിയത്. അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ നേടിയ സിക്‌സും ജയത്തില്‍ നിര്‍ണായകമായി. 14 പോയിന്റുമായി ആര്‍സിബി രണ്ടാമതായി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു. വിരാട് കൊഹ്ലി 0(1), ദേവദത്ത് പടിക്കല്‍ 12(11). ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ 8(8) എന്നിവര്‍ പവര്‍പ്ലേ തീരുന്നതിന് മുമ്പ് പുറത്തായി. ജേക്കബ് ബെഥല്‍ 27(27) - ക്രുണാല്‍ സഖ്യം സ്‌കോറിംഗ് മുന്നോട്ട് കൊണ്ട് പോയി. പിന്നീട് വന്ന ജിതേഷ് ശര്‍മ്മ 18(12) റണ്‍സ് നേടിയെങ്കിലും നിര്‍ണായക സമയത്ത് പുറത്തായി. രണ്ട് ഓവറില്‍ 18 റണ്‍സ് വേണമെന്നിരിക്കെ ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ ഒരു ലെഗ് ബൈ ഉള്‍പ്പെടെ വെറും മൂന്ന് റണ്‍സ് മാത്രമേ പിറന്നുള്ളൂ.

യുവ ഓള്‍റൗണ്ടര്‍ രാജ് ബാവ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് വേണമായിരുന്നു ആര്‍സിബിക്ക്. എന്നാല്‍ രണ്ട് വൈഡും ഒരു നോബോളും പിറന്നത് മുംബയ്ക്ക് തിരിച്ചടിയായി. അവസാന മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് ഭുവിയുടെ സിക്‌സര്‍ പിറന്നത്. അവസാന പന്തില്‍ റാസിക് ദാര്‍ സലാം രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. മുംബയുടെ തോല്‍വിയോടെ എല്‍എസ്ജി, മുംബയ് എന്നിവര്‍ സീസണില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത മുംബയ് നിശ്ചിത ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ തിലക് വര്‍മ്മയാണ് മുംബയ് നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ റയാന്‍ റിക്കള്‍ടണിന്റെ വിക്കറ്റ് 2(4) ആണ് ആദ്യം നഷ്ടമായത്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മ പത്ത് പന്തുകളില്‍ നിന്ന് രണ്ട് വീതം ഫോറും സിക്സും നേടി നില്‍ക്കവെ 22 റണ്‍സ് നേടി പുറത്തായത് മുംബയ്ക്ക് തിരിച്ചടിയായി. നാലാമനായി എത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായതോടെ 28ന് മൂന്ന് എന്ന നിലയിലേക്ക് മുംബയ് വീണു. നാലാം വിക്കറ്റില്‍ നമന്‍ ധീര്‍ 47(32) തിലക് വര്‍മ്മ 57(42) സഖ്യം മുംബയെ കരകയറ്റി. 82(57) റണ്‍സാണ് സഖ്യം നേടിയത്.

ഇരുവരും പുറത്തായ ശേഷം പിന്നീട് വന്നവര്‍ക്ക് റണ്‍നിരക്ക് ഉയര്‍ത്താന്‍ കഴിയാതെ വന്നതാണ് മുംബയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. വില്‍ ജാക്സ് 10(10), രാജ് ബാവ 16(14) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കോര്‍ബിന്‍ ബോഷ് 5*(5), ദീപക് ചഹാര്‍ 1*(2) എന്നിവര്‍ പുറത്താകാതെ നിന്നു. ആര്‍സിബിക്കായി വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹേസില്‍വുഡ്, റാസിക് സലാം ദാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു
Previous Post Next Post