സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളില്‍ തിങ്കളാഴ്ച ഐഎംഡി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ കനത്ത മഴ പെയ്യുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. മെയ് 28 വരെ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.