രാജ്യത്ത് പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വരുത്തിയ വമ്പൻ വിലവർധനവ് സാധാരണക്കാരായ ചെറുകിട കച്ചവടക്കാർക്ക് ഇരുട്ടടിയാകുന്നു.
19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 993 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു വാണിജ്യ സിലിണ്ടറിൻ്റെ വില 3150 രൂപയായി ഉയർന്നു. അടിമാലി ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളില്‍ ഈ വിലവർധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തട്ടുകടകളില്‍ വിഭവങ്ങള്‍ പരിമിതം
വിലക്കയറ്റം മൂലം വിവിധ തട്ടുകടകളിലും രാത്രി റസ്റ്റോറൻ്റുകളിലും കടുംകാപ്പിയും ചായയും വിതരണം ചെയ്യുന്നത് നിർത്തിവെച്ചിട്ട് ആഴ്ചകളായി. ഹൈറേഞ്ച് മേഖലകളില്‍ ജോലി കഴിഞ്ഞ് എത്തുന്നവരുടെ പ്രധാന ആശ്രയമായ തട്ടുകടകളിലാണ് ഈ സ്ഥിതി. വേനല്‍മഴയില്‍ നനഞ്ഞെത്തുന്നവർക്ക് ആശ്വാസമായിരുന്ന ചൂട് പാനീയങ്ങള്‍ പലയിടങ്ങളിലും ലഭിക്കുന്നില്ല.
തണുത്ത വിഭവങ്ങള്‍ ചൂടാക്കി നല്‍കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കടക്കാർ. ഹോട്ടലുകളുടെയും കടകളുടെയും നടത്തിപ്പ് ചെലവ് കുത്തനെ ഉയർന്നത് ചെറുകിട വ്യാപാരികളെ സമാനതകളില്ലാത്ത കടക്കെണിയിലാക്കി.
ഇറക്കുമതി പ്രതിസന്ധിയും കേന്ദ്ര നിലപാടും
രാജ്യത്തെ എല്‍പിജി ആവശ്യത്തിൻ്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ വലിയൊരു ഭാഗം സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു.
ഇതില്‍ 30 ശതമാനം വാതകവും 85 മുതല്‍ 90 ശതമാനം വരെ എല്‍പിജി ഇറക്കുമതിയും ഈ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ രാജ്യത്ത് ആറ് മാസത്തെ ഉപയോഗത്തിനുള്ള വാതകം പോലും കരുതിവെക്കാനുള്ള നടപടികള്‍ കേന്ദ്രസർക്കാർ സ്വീകരിച്ചില്ലെന്ന വിമർശനം കച്ചവടക്കാർക്കിടയില്‍ ശക്തമാണ്.
കേറ്ററിംഗ് മേഖലയും തകർച്ചയില്‍
നോമ്പ് കാലം കഴിഞ്ഞ് വിപണി പച്ചപിടിക്കേണ്ട ഘട്ടത്തിലാണ് പാചകവാതക വിലവർധനവ് കേറ്ററിംഗ് മേഖലയ്ക്ക് തിരിച്ചടിയായത്. വിവാഹം, മാമോദീസ, ആദ്യകുർബാന തുടങ്ങിയ മുൻകൂട്ടി ബുക്ക് ചെയ്ത പരിപാടികള്‍ക്കായി 7000 രൂപ വരെ നല്‍കി കരിഞ്ചന്തയില്‍ നിന്ന് വാണിജ്യ സിലിണ്ടറുകള്‍ വാങ്ങേണ്ടി വരുന്നതായാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.
പാചകവാതക ക്ഷാമം ഉള്ളതിനാല്‍ സ്വകാര്യ കമ്പനികളില്‍ വലിയ തുക ഡെപ്പോസിറ്റ് നല്‍കിയാണ് പലരും ഗ്യാസ് ലഭ്യമാക്കുന്നത്. ഇതിനൊപ്പം സാധനങ്ങളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലി വർധനവും കൂടിയായപ്പോള്‍ സ്ഥാപന ഉടമകള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി. വോട്ട് ചെയ്യാൻ അതിഥി തൊഴിലാളികള്‍ മടങ്ങിയതും ഈ മേഖലയിലെ തൊഴില്‍ പ്രതിസന്ധി വർധിപ്പിച്ചു.
ഹോട്ടലുകള്‍ അടച്ചിട്ട് സമരം
വാണിജ്യവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകള്‍ക്കെതിരെ ബുധനാഴ്ച (06.05.2026) ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചിട്ട് സമരം നടത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വാതക വിലവർധനയും മൂലം പല ചെറുകിട ഹോട്ടലുകളും ഇതിനകം പൂട്ടിക്കഴിഞ്ഞു. കരിഞ്ചന്തയില്‍ നിന്ന് ഗ്യാസ് വാങ്ങി ഹോട്ടല്‍ വ്യവസായം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ പക്ഷം.