മോഡല്‍ മുങ്ങിമരിച്ച സംഭവം;പാറമടയിലെത്തിയത് പഞ്ചായത്ത‌നുമതിയില്ലാതെ,മൃതദേഹം പുറത്തെടുത്തത് 30 അടി താഴ്ചയില്‍ നിന്ന്.


പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ച പാറമടയില്‍ സംഘമെത്തിയത് പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ.

ചാലക്കുടയിലെ ഒരു ഏജന്‍സിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല. ഇന്ന് പെരുന്നാള്‍ പ്രമാണിച്ച്‌ അവധിയായതിനാല്‍ ഷൂട്ടിങ്ങിനുള്ള അനുമതി നാളെ പഞ്ചായത്തില്‍ നിന്ന് വാങ്ങാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പൊലീസ് വ്യക്തമാക്കി.

ഇതേ പാറമടയില്‍ മുമ്പും യുവാക്കള്‍ മുങ്ങി മരിച്ചിട്ടുള്ളതിനാല്‍ പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായ ഒരു വസ്ത്രനിര്‍മാണ കമ്പനിക്കു വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനാണ് ഡല്‍ഹിയില്‍ നിന്നുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ചിത്രീകരണത്തിന് മുമ്പായി ലൊക്കേഷന്‍ കാണാനായി സംഘത്തിലെ ഏതാനും പേര്‍ ഇവിടെ എത്തുകയായിരുന്നു. പരസ്യത്തില്‍ അഭിനയിക്കാനെത്തിയ മോഡലായ ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷു വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആള്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. നൂറിലധികം അടി താഴ്ചയുള്ളതും പല തട്ടുകളായി കിടക്കുന്നതുമായ പാറമട അത്രയേറെ അപകടം നിറഞ്ഞതായിരുന്നു. പാറമടയില്‍ പാതാളക്കരണ്ടി ഉപയോഗിച്ച്‌ നടത്തിയ തെരച്ചിലിനൊടുവില്‍ ഏകദേശം 30 അടി താഴ്ചയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Previous Post Next Post