നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഏറ്റുമാനൂര്‍ സ്വദേശിയെ എമിഗ്രേഷൻ വിഭാഗത്തില്‍ തടഞ്ഞു; 20 വര്‍ഷം മുൻപത്തെ കേസില്‍ അറസ്റ്റ് ചെയ്ത് പൊലീസ്.


കഴിഞ്ഞ 20 വർഷമായി ഒളിവിലായിരുന്ന വഞ്ചന കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. എലൂർ പോലീസ് സ്റ്റേഷനില്‍ 2006-ല്‍ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഏറ്റുമാനൂർ കാണക്കാരി സ്വദേശി ചേലാട്ട് വീട്ടില്‍ സെബാസ്റ്റ്യനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കളമശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച 35/2023 ലോങ് പെൻ്റിങ് വാറണ്ട് നിലനില്‍ക്കെയാണ് അറസ്റ്റ്. വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ മെയ് 25-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. തുടർന്ന് വിവരം ഏലൂർ പൊലീസിന് കൈമാറി. ഏലൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തനിക്കെതിരെ കേസെടുത്തത് അറിഞ്ഞിട്ടും രണ്ട് പതിറ്റാണ്ടോളമായി നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച്‌ മുങ്ങിനടക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ മെയ് 25-ന് തന്നെ ഇയാളെ കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെന്ന് പൊലീസ് അറിയിച്ചു

Previous Post Next Post