ഭരണം തിരിച്ചുപിടിച്ച ആവേശത്തിനു പിന്നാലെ യുഡിഎഫില്‍ ഇനി അധികാരക്കൈമാറ്റത്തിന്റെ ചർച്ചകള്‍. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിന് 12 മന്ത്രിമാരുണ്ടാകാനാണ് സാധ്യത.ലീഗിന് അഞ്ചും മറ്റു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിച്ചേക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എഐസിസി നേതാക്കള്‍ ഇന്ന് കൂടിയാലോചനകള്‍ നടത്തും. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ വിഭാഗങ്ങളെല്ലാം മുഖ്യമന്ത്രി പദത്തിനായി നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
മുൻകാലങ്ങളില്‍ നിന്ന് വിഭിന്നമായി, ഇത്തവണ ഹൈക്കമാൻഡിലെ പ്രധാനിയായ കെ.സി വേണുഗോപാലിന്റെ കടന്നുവരവ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ പുതിയൊരു സങ്കീർണത കൂടി തുറന്നു. നേരത്തെ, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍, മുതിർന്ന നേതാക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ ഹൈക്കമാൻഡ് അവർക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനങ്ങള്‍ നല്‍കാറുണ്ടായിരുന്നു.
അതേസമയം, അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രിയെന്ന രീതിയിലായിരിക്കും മന്ത്രിസഭാ രൂപീകരണം എന്നാണ് വിവരം. 63 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും ലഭിച്ചേക്കാം. ധനകാര്യം ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈവശം വെക്കുമെന്നാണ് സൂചന. 22 സീറ്റുകള്‍ നേടിയ മുസ്‌ലിം ലീഗിന് അഞ്ചു മന്ത്രിസ്ഥാനം ലഭിച്ചേക്കാം. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലീഗിന് ലഭിച്ചേക്കാം.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കാം. ആർഎസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിച്ചേക്കാം. മുഖ്യമന്ത്രി ആരാകുമെന്നതിനെകൂടി ആശ്രയിച്ചാകും കോണ്‍ഗ്രസിലെ മറ്റ് മന്ത്രിമാരുടെ പട്ടിക നിശ്ചയിക്കപ്പെടുക. സാമുദായിക സന്തുലനവും പ്രാദേശിക പ്രാതിനിധ്യവും വലിയ വെല്ലുവിളിയാകും.