മുഖ്യമന്ത്രി സാധ്യത വിഡി സതീശന്; രമേശ് ചെന്നിത്തല സ്പീക്കര്‍ സ്ഥാനത്തേക്ക്? കോണ്‍ഗ്രസിന് 12 ഉം ലീഗിന് അഞ്ചും മന്ത്രിമാര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ 102 സീറ്റുകളുമായി മിന്നുന്ന വിജയം നേടിയ യുഡിഎഫിന് ഇനിയുള്ളത് സർക്കാർ രൂപീകരണമാണ്.കോണ്‍ഗ്രസും മുസ്‌ലിം ലീഗും മറ്റ് ഘടകകക്ഷികളും അത്യുഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആർക്കൊക്കെ ഏതൊക്കെ പദവികള്‍ ലഭിക്കുമെന്നതിനേക്കുറിച്ചാണ് ഇപ്പോള്‍ ചർച്ചകള്‍ സജീവമായിരിക്കുന്നത്.

കോണ്‍ഗ്രസില്‍നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടായേക്കും. ലീഗിന് അഞ്ച് മന്ത്രിമാർ. കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. ആർഎസ്പിയില്‍നിന്ന് ഷിബു ബേബി ജോണ്‍, കേരള കോണ്‍ഗ്രസ് ജേക്കബ് പ്രതിനിധിയായി അനൂപ് ജേക്കബും സിഎംപിയുടെ പ്രതിനിധിയായി സി.പി ജോണും മന്ത്രിമാരാകുമെന്നാണ് കരുതുന്നത്. മാണി.സി കാപ്പനും കെ.കെ രമയ്ക്കും അസോസിയേറ്റ് അംഗങ്ങളെന്ന നിലയില്‍ രണ്ടരവർഷം വീതം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യതയേറെ. രമേശ് ചെന്നിത്തല മന്ത്രി അല്ലെങ്കില്‍ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. ഇനി അതല്ലെങ്കില്‍ ഏറ്റവും സീനിയറായ തിരുവഞ്ചൂരിന് മന്ത്രിസ്ഥാനമില്ലെങ്കില്‍ അദ്ദേഹം സ്പീക്കറായി പരിഗണിക്കപ്പെടാം.

ഘടക കക്ഷികളില്‍ നിന്ന് മോൻസ് ജോസഫും ഷിബു ബേബി ജോണും അനൂപ് ജേക്കബും സി.പി ജോണും മന്ത്രിമാരാകും. ഒരു പക്ഷേ അസോസിയേറ്റ് അംഗങ്ങളായ കെ.കെ രമയ്ക്കും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

കോണ്‍ഗ്രസില്‍നിന്ന് കെ.മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കുമ്പോള്‍ ഉറപ്പായും മന്ത്രിമാരാകാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ റോജി എം. ജോണ്‍ അല്ലെങ്കില്‍ ബെന്നി ബെഹനാൻ പാർട്ടി അധ്യക്ഷ പദവിയിലേക്ക് വരാം. സണ്ണി ജോസഫ് പ്രസിഡന്റായി തുടർന്നാല്‍ റോജിക്ക് സാധ്യത തെളിയും.

ദളിത് പ്രാതിനിധ്യമായി എ.പി അനില്‍കുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ ഇവരില്‍ ഒരാള്‍ മന്ത്രിയാകും. എ.പി അനില്‍കുമാറിനാണ് സാധ്യതയേറെ. അൻവർ സാദത്ത്, ഷാനിമോള്‍ ഉസ്മാൻ, ടി. സിദ്ദിഖ് ഇവരില്‍ ഒരാള്‍ മന്ത്രിയാകുമെന്ന് ഉറപ്പാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായാല്‍ ഒരാള്‍ അല്ലെങ്കില്‍ രണ്ട് പേർ പരമാവധി എറണാകുളത്തുനിന്ന് മന്ത്രിസ്ഥാനത്തേക്ക് വരാൻ ഇടയുള്ളൂ.

ജില്ലാ പ്രാതിനിധ്യം എന്ന നിലയില്‍ പരിഗണിച്ചാല്‍

തിരുവനന്തപുരം- കെ. മുരളീധരൻ, സി.പി ജോണ്‍
കൊല്ലം-പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോണ്‍
ആലപ്പുഴ-രമേശ് ചെന്നിത്തല, എം. ലിജു
കോട്ടയം-മോൻസ് ജോസഫ്, തിരുവഞ്ചൂർ(മന്ത്രി അല്ലെങ്കില്‍ സ്പീക്കർ)
ഇടുക്കി-
എറണാകുളം-വി.ഡി സതീശൻ(മുഖ്യമന്ത്രി സാധ്യത) അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോണ്‍
തൃശൂർ-തോമസ് ഉണ്ണിയാടൻ(ഡെപ്യൂട്ടി സ്പീക്കർ)
പാലക്കാട്-എൻ ഷംസുദീൻ, വി.ടി ബല്‍റാം
മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ അല്ലെങ്കില്‍ ആബിദ് ഹുസൈൻ തങ്ങള്‍
കോഴിക്കോട്-പാറയ്ക്കല്‍ അബ്ദുള്ള, കെ. പ്രവീണ്‍കുമാർ
വയനാട്-ടി.സിദ്ദിഖ്
കണ്ണൂർ-സണ്ണി ജോസഫ്
കാപ്പനേയും രമയേയും പരിഗണിക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍നിന്ന് ദീപക് ജോയ്, കെ. പ്രവീണ്‍കുമാർ, കെ. ജയന്ത്, വി.എസ് ജോയ്, റോയ്.കെ പൗലോസ്, ചാണ്ടി ഉമ്മൻ, പഴകുളം മധു, എന്നിവരില്‍ ആരെങ്കിലും ഒരാള്‍ക്ക് നറുക്ക് വീഴാൻ സാധ്യതയുണ്ട്. ജില്ലാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും. യുഡിഎഫ് അട്ടിമറി വിജയം നേടിയ കോഴിക്കോട്ട് നിന്ന് ഒരു മന്ത്രി ഉണ്ടാകാൻ സാധ്യതയേറെയാണ്. ഡെപ്യൂട്ടി സ്പീക്കർ പദവി കോണ്‍ഗ്രസിനാണെങ്കില്‍ ഈ പേരുകളില്‍ ഒരാള്‍ ആ സ്ഥാനത്തേക്ക് വരാം.
Previous Post Next Post