ചാലക്കുടിയില്‍ കിടക്കക്കമ്പനി കത്തി നശിച്ചു; 10 കോടി രൂപയുടെ നഷ്ടം, ദുരൂഹത ആരോപിച്ച്‌ ഉടമ.

ചാലക്കുടി മാമ്പ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ കിടക്ക കമ്പനി പൂര്‍ണമായി കത്തി നശിച്ചു. ജില്ലാ അതിര്‍ത്തിയായ പാറക്കടവ് പഞ്ചായത്തിലെ മാമ്പ്രയില്‍ പ്രവര്‍ത്തിക്കുന്ന എഎന്‍എ മാട്രസിന്‍റെ ലാമിയര്‍ എന്ന കിടക്ക യൂണിറ്റാണ് തിങ്കളാഴ്ച രാവിലെയോടെ കത്തി നശിച്ചത്.മൂന്നര മണിക്കൂര്‍ നേരമെടുത്താണ് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം പത്ത് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. അപകടകാരണം വ്യക്തമല്ല. കൊരട്ടി കുലയിടം സ്വദേശി നെയ്യ്‌ച്ചേരി അജ്മല്‍ അമീറിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കത്തി നശിച്ചത്. കമ്പനി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ ചൊല്ലി തര്‍ക്കമുള്ളതായ‌ും തീ പിടിത്തത്തിനു പിന്നില്‍ മറ്റാരോ ഉണ്ടെന്നും ഉടമ അമീർ ആരോപിക്കുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കുമെന്നും ഉടമ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം.

തിങ്കളാഴ്ച രാവിലെ 7.15ഓടെ ‌കമ്പനിയുടെ പുറകില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് ഉടമയെയും ഫ‍യർഫോഴ്സിനെയും വിവരമറിയിച്ചത്. ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ദേശീയ പാതയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങിയതോടെ അങ്കമാലി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും അവര്‍ ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. പിന്നീട് ‌ചാലക്കുടി, മാള, ആലുവ, പുതുക്കാട് എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തി. ഷീറ്റുമേഞ്ഞ കെട്ടിടവും കെട്ടിടത്തിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന വിവിധ മെഷീനുകള്‍, വിവിധയിനം കിടക്കകള്‍,സോഫ സെറ്റുകള്‍, മെറ്റീരിയലുകള്‍, സ്‌പോഞ്ച് എല്ലാം ഇതിനിടയില്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. കമ്പനിക്കു തൊട്ടടുത്തായി നിർത്തിയിട്ടിരുന്ന രണ്ട് ലോറികളില്‍ തീ പടരാതിരുന്നത് വൻ അപകടത്തെ ഒഴിവാക്കി.
Previous Post Next Post