ഇന്ന് മെയ് 1; സകല തൊഴിലാളികളുടെയും ദിനം



ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സംഭാവനകളെ ആദരിക്കുന്നതിനായാണ് ലോക തൊഴിലാളി ദിനം ആചരിക്കുന്നത്.

കേരളത്തില്‍ മെയ്ദിന റാലികളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചാണ് മെയ് ദിനം ആചരിക്കുന്നത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് പ്രധാനമായും മെയ്ദിന റാലികള്‍ സംഘടിപ്പിക്കുന്നത്. മറ്റ് യൂണിയനുകളും തൊഴിലാളി ദിന പരിപാടികളും റാലികളും നടത്താറുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ തൊഴിലാളികളുടെ അവകാശങ്ങളുടെ പോരാട്ടങ്ങളില്‍ നിന്നാണ് തൊഴിലാളി ദിനം എന്നതിന്റെ വേരുകള്‍ തുടങ്ങുന്നത്. 1884ലാണ് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയനുകള്‍ തൊഴിലിടങ്ങളിലെ സമയം എട്ടു മണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവെക്കുന്നത്. ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് 1886ല്‍ തൊഴിലാളികള്‍ സംഘടിച്ചു, സമരം ചെയ്തു. ഈ സമരത്തിന്റെ അനന്തരഫലമായി കലാപം പൊട്ടിപ്പുറപ്പെട്ടു.

പിന്നീട് ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാൻ ശ്രമിക്കുന്നതിനിടെ ബോംബ് സ്‌ഫോടനം ഉണ്ടാവുകയും സംഘർഷം ഉണ്ടാവുകയുമാണ് ചെയ്തത്. ഹേമാർക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാർക്കറ്റ് കലാപം എന്നും ഈ സംഘർഷം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. രക്തച്ചൊരിച്ചിലുണ്ടായി. ഈ കലാപം ലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാർക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറൻസ് 1899ല്‍ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷം 1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളി ദിനം ആചരിക്കുന്നത്.

പല രാജ്യങ്ങളിലും തൊഴിലാളി ദിനം ദേശീയ അവധിയാണ്. തൊഴിലാളികളുടെ നേട്ടങ്ങളും സംഭാവനകളും ഉയർത്തിക്കാട്ടുന്നതിനായി നിരവധി പരിപാടികളും സെമിനാറുകളും ഈ ദിനം സംഘടിപ്പിക്കുന്നു. തൊഴിലാളികളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കാൻ പോസ്റ്ററുകളും ബാനറുകളും ഉയർത്താറുണ്ട്
Previous Post Next Post