നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ഹൈക്കോടതിയിലേക്ക് |

അഞ്ചരക്കണ്ടി ഡെൻറല്‍ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ. എം.കെ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു.
കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഈ നീക്കം. കേസിലെ രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.(Nitin Raj’s death, Dr. MK Ram to approach the High Court)

ജാമ്യാപേക്ഷ പരിഗണിക്കവെ തലശ്ശേരി കോടതി പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നിരീക്ഷിച്ചത്. നിതിൻ രാജിനെതിരെ ജാതിയുടെ പേരില്‍ അധിക്ഷേപം നടന്നതിന് തെളിവില്ല. ഡോ. റാമിന്റെ മോശം പെരുമാറ്റം ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കോടതി വിലയിരുത്തി.

ലോണ്‍ ആപ്പുകാരുടെ ഭീഷണി, പ്രിൻസിപ്പാളിന്റെ മുറിയില്‍ നടന്ന ചോദ്യം ചെയ്യല്‍, തുടർന്നുണ്ടാകാൻ സാധ്യതയുള്ള നടപടികളെക്കുറിച്ചുള്ള ഭയം എന്നിവയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജിനെ പ്രിൻസിപ്പാളിന്റെ മുറിയില്‍ വിചാരണ ചെയ്യുമ്പോള്‍ മുറിക്ക് സമീപം ഡോ. റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് രജിസ്റ്റർ ചെയ്തത് മുതല്‍ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും ഒളിവിലായിരുന്നു.
Previous Post Next Post