ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബെെ ഇന്ത്യൻസ്-സിഎസ്കെ പോരാട്ടം ഇന്ന്.
കരുത്തന്മാരുടെ നിരയാണ് രണ്ട് ടീമും. അഞ്ച് തവണ വീതം കപ്പ് നേടിയ രണ്ട് ടീമും ഇത്തവണ നേർക്കുനേർ എത്തുമ്ബോഴും പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. മുംബെെയുടെ തട്ടകമായ വാംഖഡെയിലാണ് സൂപ്പർ പോരാട്ടം നടക്കുന്നത്.
മുംബെെ ഇന്ത്യൻസിന്റെ ഓപ്പണർ റോളിലേക്ക് രോഹിത് ശർമ തിരിച്ചെത്തുമെന്നാണ് വിവരം. അതേ സമയം എംഎസ് ധോണി സിഎസ്കെയ്ക്കായി ഇറങ്ങുന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതായുണ്ട്. ധോണി കളിക്കുമെന്ന സൂചനകളുണ്ടെങ്കിലും സിഎസ്കെ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മുംബെെക്കും സിഎസ്കെയ്ക്കും ഈ മത്സരം അഭിമാന പ്രശ്നമാണ്.
നേർക്കുനേർ കണക്കില്‍ മുംബെെക്ക് മുൻതൂക്കം അവകാശപ്പെടാനാവും. 39 മത്സരത്തില്‍ നേർക്കുനേർ എത്തിയപ്പോള്‍ മുംബെെ 21 മത്സരത്തിലാണ് ജയിച്ചത്. 18 തവണയാണ് സിഎസ്കെയ്ക്ക് ജയിക്കാനായത്. എന്നാല്‍ സമീപകാലത്തെ നേർക്കുനേർ പോരാട്ടങ്ങളില്‍ സിഎസ്കെയ്ക്ക് മുൻതൂക്കമുണ്ട്. അവസാന ആറ് നേർക്കുനേർ മത്സരത്തില്‍ നാലിലും ജയിക്കാൻ സിഎസ്കെയ്ക്ക് സാധിച്ചു,
ഇന്ന് മുംബെെ-സിഎസ്കെ പോരാട്ടം നടക്കുമ്ബോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. മലയാളി താരം മാച്ച് വിന്നറായി മാറുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് 192 റണ്‍സാണ് സഞ്ജുവിന് ഈ സീസണില്‍ നേടാനായിരിക്കുന്നത്. സ്ഥിരതയോടെ കളിക്കാൻ സാധിക്കാത്ത സഞ്ജുവിന് ഇന്ന് ഗംഭീര പ്രകടനത്തോടെ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
സഞ്ജു സാംസണ് മുംബെെ ഇന്ത്യൻസിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കും. മുൻ രാജസ്ഥാൻ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സഞ്ജു മുംബെെക്കെതിരേ 23 മത്സരത്തില്‍ നിന്ന് 601 റണ്‍സാണ് നേടിയത്. 28.61 ആണ് സഞ്ജുവിന്റെ ശരാശരി. 140ന് മുകളില്‍ സ്ട്രെെക്ക് റേറ്റും സഞ്ജുവിന് സിഎസ്കെയ്ക്കെതിരേയുണ്ട്.
അഞ്ച് അർധ സെഞ്ചുറികളാണ് സഞ്ജു മുംബെെക്കെതിരേ നേടിയത്. 76 റണ്‍സാണ് ഉയർന്ന സ്കോർ. മുംബെെയുടെ തട്ടകത്തിലും മോശമല്ലാത്ത കണക്ക് സഞ്ജുവിനുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് 246 റണ്‍സാണ് സഞ്ജുവിന് നേടാനായിരിക്കുന്നത്. 30.75 ശരാശരി മുംബെെയുടെ ഹോം ഗ്രൗണ്ടില്‍ സഞ്ജുവിനുണ്ട്. രണ്ട് ഫിഫ്റ്റിയും അദ്ദേഹം നേടി.
ഇന്നത്തെ മത്സരം ജയിക്കാതെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോകാൻ രണ്ട് ടീമുകള്‍ക്കും സാധിക്കില്ല. മുംബെെ ആറ് മത്സരത്തില്‍ നിന്ന് രണ്ട് ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ 4 പോയിന്റോടെ ഏഴാം സ്ഥാനത്താണുള്ളത്. സിഎസ്കെയ്ക്കും നാല് പോയിന്റാണുള്ളത്. എട്ടാം സ്ഥാനത്താണ് സിഎസ്കെയുള്ളത്. ജയത്തോടെ സ്ഥാനം മെച്ചപ്പെടുത്താനാവും ഇരു ടീമുകളും ലക്ഷ്യമിടുക.
സിഎസ്കെയ്ക്കെതിരേ മുംബെെ വലിയ ആത്മവിശ്വാസത്തിലാണ്. സമീപകാലത്തെ പ്രകടനം നോക്കുമ്ബോള്‍ സിഎസ്കെയെക്കാള്‍ മുംബെെക്ക് മുൻതൂക്കമുണ്ട്. മുംബെെയുടെ ബൗളിങ് നിരയിലെ മാറ്റങ്ങളോടെ ഇപ്പോള്‍ ടീം കരുത്തുറ്റതായി മാറിയിരിക്കുകയാണ്. ജസ്പ്രീത് ബുംറയും ഫോമിലേക്കെത്തിയതോടെ മുംബെെക്ക് വലിയ പ്രതീക്ഷയാണുള്ളത്. സിഎസ്കെയും മുംബെെയും നേർക്കുനേർ എത്തുമ്ബോള്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.