അഭിഷേക് ശര്‍മ കണ്ണഞ്ചിക്കുന്ന സെഞ്ച്വറിയുമായി അഴിഞ്ഞാടിയപ്പോള്‍ ഐപിഎല്ലില്‍ ഹാട്രിക് വിജയം കൊയ്തിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
സ്വന്തം കാണികള്‍ക്കു മുന്നില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിനാണ് ഓറഞ്ച് ആര്‍മി തീര്‍ത്തത്. ഇതോടെ പോയിന്റ് പട്ടികയില്‍ നാലില്‍ നിന്നും അവര്‍ മൂന്നിലേക്കും കയറിയിരിക്കുകയാണ്.
243 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ എസ്‌ആര്‍എച്ച് വച്ചത്. ഇതു മറികടണമെങ്കില്‍ അഭിഷേക് കളിച്ചതു പോലെയൊരു സ്‌പെഷ്യല്‍ ഇന്നിങ്‌സ് ആരെങ്കിലും കളിക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷെ അതുണ്ടായില്ല. എങ്കിലും ഡിസി അവസാനം വരെ ശരിക്കും പൊരുതി നോക്കി. എങ്കിലും ഒമ്പതു വിക്കറ്റിനു 195 റണ്ണെടുക്കാനേ ഡിസിക്കായുള്ളൂ.
മൂന്നാം നമ്പറിലെത്തി 57 റണ്‍സെടുത്ത നിതീഷ് റാണയാണ് ഡിസിയുടെ ടോപ്‌സ്‌കോറര്‍. 30 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സമീര്‍ റിസ്വി (41), കെഎല്‍ രാഹുല്‍ (37), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (27) എന്നിവരാണ് ഡസിസിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഇത്ര വലിയ സ്‌കോര്‍ ചേസ് ചെ്യ്യാന്‍ ഓപ്പണര്‍മാരില്‍ നിന്നും ഒരു സ്‌ഫോടനാത്മക തുടക്കം ഡിസിക്കു ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ല. മോശം ഫോം തുടരുന്ന ശ്രീലങ്കന്‍ താരം പതും നിസങ്ക വെറും എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങി (21/1). രണ്ടാം വിക്കറ്റില്‍ രാഹുല്‍- റാണ മികച്ച കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 45 ബോളില്‍ 86 റണ്‍സ് ഈ സഖ്യം നേടി.
എന്നാല്‍ റാണയെയും ഡേവിഡ് മില്ലറെയും (ഗോള്‍ഡന്‍ ഡെക്ക്) അടുത്തടുത്ത ബോളില്‍ ഇഷാന്‍ മലിങ്ക മടക്കിയതോടെ ഡിസി വീണ്ടും ബാക്ക് ഫൂട്ടിലായി. അഞ്ചാം വിക്കറ്റില്‍ റിസ്വി- സ്റ്റബ്‌സ് ജോടി 33 ബോളില്‍ 59 റണ്‍സടിച്ചെങ്കിലും എസ്‌ആര്‍എച്ച് അപ്പോഴേക്കും പൂര്‍ണമായും പിടിമുറുക്കി കഴിഞ്ഞിരുന്നു. നാലു വിക്കറ്റുകളെടുത്ത ഇഷാന്‍ മലിങ്കയും മൂന്നു പേരെ മടക്കിയ ഹര്‍ഷ് ദുബെയും ചേര്‍ന്നാണ് ഡിസിയെ പൂട്ടിയത്.