IPL 2026: ഹീറോയായി റിങ്കു, സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍!! എല്‍എസ്ജി കടന്ന് കെകെആര്‍

ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യത്തെ ടൈയും സൂപ്പര്‍ ഓവറും കണ്ട ത്രില്ലിങ് മാച്ചില്‍ ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ആവേശോജ്വല വിജയം.
ആദ്യം ബാറ്റിങിനു ഇറങ്ങിയ കെകെആര്‍ ഏഴു വിക്കറ്റിനു 155 റണ്‍സാണ് നേടിയത്. മറുപടിയില്‍ എല്‍എസ്ജിയും എട്ടു വിക്കറ്റിനു ഇതേ സ്‌കോര്‍ നേടിയതോടെ കളി ടൈയായി മാറി.

അവസാന ബോളില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കവെ മുഹമ്മദ് ഷമി സിക്‌സര്‍ പായിച്ചതോടെ സ്‌കോര്‍ തുല്യമായി. പക്ഷെ സൂപ്പര്‍ ഓവറില്‍ എല്‍എസ്ജി വന്‍ ദുരന്തമായി. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് ഒരു റണ്ണെടുക്കാനേ ആയുള്ളൂ. സുനില്‍ നരെയ്‌നെറിഞ്ഞ ആദ്യ ബോളില്‍ നിക്കോളാസ് പൂരന്‍ ക്ലീന്‍ ബൗള്‍ഡ്. അടുത്തതി റിഷഭ് പന്തിന്റെ സിംഗിള്‍. മൂന്നാമത്തേതില്‍ എയ്ഡന്‍ മാര്‍ക്രവും മടങ്ങിയതോടെ എല്‍എസ്ജി ഇന്നിങ്‌സും അവസാനിച്ചു.
റിങ്കു സിങും റോവ്മന്‍ പവെലുമാണ് കെകെആറിനായി ചേസിനെത്തിയത്. പ്രിന്‍സ് യാദവിനെതിരേ ആദ്യ ബോളില്‍ തന്നെ റിങ്കു ബൗണ്ടറിയിലൂടെ വിജയലക്ഷ്യമായ രണ്ടു റണ്‍സ് മറികടക്കുകയും ചെയ്തു. ഈ സീസണില്‍ കെകെആറിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നും കെകെആര്‍ എട്ടിലേക്കും കയറി.

രക്ഷകനായി റിങ്കു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 155 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അതിനു അവരെ സഹായിച്ചതാവട്ടെ റിങ്കു സിങിന്റെ വണ്‍മാന്‍ഷോയുമാണ്. പുറത്താവാതെ 83 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ രക്ഷകനായി മാറിയത്. വെറും 51 ബോളുകളിലാണിത്. ഏഴു ഫോറുകളും അഞ്ചു കൂറ്റന്‍ സിക്്‌സറും ഇതിലുള്‍പ്പെടും.

റിങ്കുവിനെ മാറ്റി നിര്‍ത്തിയാല്‍ കാമറൂണ്‍ ഗ്രീന്‍ (34), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (10) എന്നിവര്‍ മാത്രമേ കെകെആര്‍ നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ. ടിം സെയ്‌ഫേര്‍ട്ട് (0), ആംഗ്രിഷ് രഘവംശി (9), റോവ്മന്‍ പവെല്‍ (1), അനുകുല്‍ റോയ് (0), രമണ്‍ദീപ് സിങ് (6), സുനില്‍ നരെയ്ന്‍ (4*) തുടങ്ങിയവരൊന്നും ബാറ്റിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കിയില്ല.

ഒരു ഘട്ടത്തില്‍ കെകെആര്‍ 120 റണ്‍സ് പോലും തികയ്ക്കുമോയെന്നതു പോലും സംശയമായിരുന്നു. കാരണം ചീട്ടുകൊട്ടാരം കണക്കെയായിരുന്നു ഒരു സമയത്തു അവരുടെ കൂട്ടത്തകര്‍ച്ച. 15ാം രണ്‍ഗദീപ് ഏഴാമനായി മടങ്ങുമ്ബോള്‍ കെകെആറിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വെറും 93 റണ്‍സ് മാത്രം. അവിടെ നിന്നാണ് കെകെആര്‍ 155 റണ്‍സ് അടിച്ചെടുത്തത്.
ഇതിന്റെ കാരണക്കാരന്‍ റിങ്കു മാത്രമാണ്. അപരാജിതമായ എട്ടാം വിക്കറ്റില്‍ റിങ്കു-നരെയ്‌ന് ജോടി ടീം ടോട്ടലിലേക്കു 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെറും 39 ബോളുകളിലാണിത്. ഇതില്‍ 56 റണ്‍സും റിങ്കുവിന്റെ ബാറ്റില്‍ നിന്നായിരുന്നു. വെറും നാലു റണ്‍സ് മാത്രാണ് നരെയ്‌ന്റെ സംഭാവന. 19, 20 ഓവറുകളില്‍ അക്ഷരാര്‍ഥത്തില്‍ റിങ്കു ഷോ തന്നെയാണ് കണ്ടത്.

മുഹമ്മദ് ഷമിയെറിഞ്ഞ 19ാം ഓവറില്‍ കെകെആര്‍ 17 റണ്‍സ് അടിച്ചെടുത്തു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കമാണിത്. ഇതിനിടെ 42 ബോളില്‍ റിങ്കു തന്റെ ഫിഫ്റ്റിയും തികച്ചിരുന്നു. 20ാം ഓവര്‍ സ്പിന്നര്‍ ദിഗ്വേഷ് സിങ് റാട്ടിക്കാണ് ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് നല്‍കിയത്.

ഈ നീക്കം വന്‍ മണ്ടത്തരവുമായി മാറി. 26 റണ്‍സാണ് റിങ്കു ഈ ഓവറില്‍ റിങ്കു വാരിക്കൂട്ടിയത്. രണ്ടാമത്തെ ബോള്‍ മുതല്‍ അഞ്ചാമത്തേതു വരെ തുടരെ നാലു സിക്‌സറുകളാണ് അദ്ദേഹം പറത്തിയത്.

എല്‍എസ്ജി ബൗളര്‍മാരില്‍ കസറിയത് ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാനാണ്. അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. ഈ സീസണിലെ ആദ്യത്തെ ഫൈഫറും കൂടിയാണിത്. നാലോവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു മൊഹ്‌സിന്റെ മാജിക്കല്‍ പ്രകടനം.
Previous Post Next Post