വൈക്കം: വേമ്പനാട്ടുകായലിന് കുറുകെ 12 കി.മി ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തി പതിനൊന്നുകാരൻ. തമിഴ്നാട് സ്വദേശിയും പെരുമ്പാവൂർ യൂണിയൻ ബാങ്ക് ചീഫ് മാനേജറുമായ അരവിന്ദൻ- ദിവ്യ ദമ്പതികളുടെ മകനും ആലുവ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ ചെമ്പിയാനാണ് ലോക റെക്കോഡിനായി ഈ സാഹസിക കൃത്യം വിജയകരമായി പൂർത്തിയാക്കിയത്.
ചേർത്തല കര്യാത്ത് കടവിൽനിന്ന് ശനിയാഴ്ച രാവിലെ 7.08ന് ആരംഭിച്ച നീന്തൽ വൈക്കം കായലോര ബീച്ചിൽ 9.59ന് എത്തിച്ചേർന്നു. തീരത്തെത്തിയ ചെമ്പിയാനെ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ, വെറ്ററൻ നീന്തൽ താരം പ്രഫ. കെ.സി.സെബാസ്റ്റ്യൻ, റിട്ട. ബി.എസ്.എഫ് സൈനികനും നീന്തൽ താരവുമായ കെ.എൻ. ബൈജു എന്നിവർ ചേർന്ന് സ്വീകരിച്ചു. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ മൂവാറ്റുപുഴയാറിൽ ഏഴു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ചെമ്പിയാൻ വേമ്പനാട്ടുകായലിൽ നീന്താൻ പ്രാപ്തനായത്.