ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.
മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയുമാണ്.
ഓണ്‍ലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ
നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി 'ഓണ്‍ലൈൻ ഗെയിമിംഗ് അതോറിറ്റി ഓഫ് ഇന്ത്യ' എന്ന പേരില്‍ ഒരു ഉന്നതാധികാര സമിതിക്ക് സർക്കാർ രൂപം നല്‍കും. സിവില്‍ കോടതിക്ക് തുല്യമായ അധികാരങ്ങളുള്ള ഈ സമിതിക്ക് പരാതികളില്‍ അന്വേഷണം നടത്താനും വ്യക്തികളെ വിളിപ്പിച്ചു മൊഴിയെടുക്കാനും അധികാരമുണ്ടാകും. ഐടി മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലവനാകുന്ന ഈ സമിതിയില്‍ ആഭ്യന്തര, ധനകാര്യ, കായിക മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളായിരിക്കും. ഗെയിമുകള്‍ നിയമപരമാണോ അതോ നിരോധിത വിഭാഗത്തില്‍പ്പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ഈ അതോറിറ്റിക്കായിരിക്കും.
ഗെയിമുകളുടെ തരംതിരിക്കല്‍
പുതിയ നിയമപ്രകാരം ഗെയിമുകളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.
ഓണ്‍ലൈൻ സോഷ്യല്‍ ഗെയിമുകള്‍: സബ്‌സ്‌ക്രിപ്‌ഷൻ മോഡലില്‍ പ്രവർത്തിക്കാമെങ്കിലും കളിക്കാർക്ക് പണമോ മറ്റ് സമ്മാനങ്ങളോ തിരികെ നല്‍കാൻ പാടില്ല.
ഇ-സ്പോർട്‌സ്: സ്പോർട്സ് ഇനങ്ങളായി അംഗീകരിക്കപ്പെട്ടവയില്‍ സമ്മാനത്തുക നല്‍കാം. എന്നാല്‍ ഇവ പണം വെച്ചുള്ള ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് അതോറിറ്റി ഉറപ്പുവരുത്തും.
ഓണ്‍ലൈൻ മണി ഗെയിമുകള്‍: പണം വാതുവെക്കുന്നതോ ലാഭവിഹിതം നല്‍കുന്നതോ ആയ എല്ലാ ഗെയിമുകളും ഈ വിഭാഗത്തില്‍പ്പെടും. ഇവ ഇന്ത്യയില്‍ പൂർണ്ണമായും നിരോധിച്ചു.
യഥാർത്ഥ പണ ഇടപാടുകള്‍ ഇല്ലാത്ത ഗെയിമുകള്‍ക്ക് മന്ത്രാലയത്തില്‍ പ്രത്യേകമായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കർശന ശിക്ഷാ നടപടികള്‍
നിയമം ലംഘിച്ച് പണം വെച്ചുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്നവർക്ക് 3 വർഷം വരെ തടവും 1 കോടി രൂപ വരെ പിഴയും ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരം ആപ്പുകളുടെയോ വെബ്‌സൈറ്റുകളുടെയോ പരസ്യങ്ങള്‍ നല്‍കുന്നവർക്കും ശിക്ഷയുണ്ട്; 2 വർഷം വരെ തടവും 50 ലക്ഷം രൂപ വരെയുമാണ് ഇവർക്കുള്ള പിഴ. സൈബർ സെല്‍ ഉദ്യോഗസ്ഥർക്കായിരിക്കും കേസുകളുടെ അന്വേഷണ ചുമതല.
ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ചൂതാട്ടം തടയുന്നതിനും യുവാക്കളെ ഇതിന്റെ കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഇത്രയും കർശനമായ നിയമം കൊണ്ടുവരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ കരട് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയാണ് ഇപ്പോള്‍ അന്തിമ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. മെയ് 1 മുതല്‍ ഈ നിയമങ്ങള്‍ നടപ്പിലാകുന്നതോടെ രാജ്യത്തെ ഗെയിമിംഗ് വിപണിയില്‍ വലിയ മാറ്റങ്ങള്‍