ചെക്കൗട്ടിനിടെ ഇന്ത്യൻ സഞ്ചാരികളുടെ ബാഗ് പരിശോധിച്ച ജീവനക്കാര്‍ ഞെട്ടി; റിസോര്‍ട്ടിലെ സ്പൂണ്‍ അടക്കം അടിച്ച് മാറ്റി ബാഗില്‍.

ബാലിയില്‍ വിനോദ സ‌ഞ്ചാരത്തിനായെത്തി, താമസിച്ച ആഡംബര റിസോർട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച നാല് ഇന്ത്യൻ വിനോദ സഞ്ചാരികളെ ഹോട്ടല്‍ ജീവനക്കാർ പിടികൂടി.

ഇവരുടെ ബാഗ് പരിശോധിക്കുന്ന ഹോട്ടല്‍ ജീവനക്കാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബാലിയിലെ ഗിയാൻയാർ മേഖലയില്‍ ഉള്‍പ്പെട്ട ഉബുദിലെ ഒരു ആഡംബര റിസോർട്ടില്‍ നിന്നും വിനോദ സ‌ഞ്ചാരികള്‍ ചെക്കൗട്ട് ചെയ്യുന്നതിനിടെ ജീവനക്കാർ നടത്തിയ പരിശോധനയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ചെക്കൗട്ടിനിടെ കൈയോടെ പിടികൂടി

ഏപ്രില്‍ 16 -ന് ഉബുദിലെ അശ്വര റിസോർട്ടില്‍ ചെക്ക് ഇൻ ചെയ്ത ഇന്ത്യൻ വിനോദ സഞ്ചാരികള്‍ മൂന്ന് പകലും രണ്ട് രാത്രിയ്ക്കുമായാണ് രണ്ട് മുറികള്‍ ബുക്ക് ചെയ്തത്. ഏപ്രില്‍ 19 -ന് രാവിലെ അവർ ചെക്ക് ഔട്ട് ചെയ്ത് ഇറങ്ങാൻ ശ്രമിക്കുമ്പോള്‍ സംശയം തോന്നിയ ജീവനക്കാർ പരിശോധിക്കുകയായിരുന്നെന്ന് ബാലി ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ ചെക്കൗട്ട് ചെയ്ത് ഇറങ്ങുന്നതിനിടെ ജീവനക്കാർ, ഇവർ താമസിച്ച മുറിയില്‍ നിന്നും നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലാക്കി. ഇതേ തുടർന്നാണ് ജീവനക്കാർ സഞ്ചാരികളുടെ ബാഗുകള്‍ പരിശോധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എടുക്കാവുന്നതെല്ലാം എടുത്തു

റിസപ്ഷന് സമീപമുള്ള തുറന്ന സ്ഥലത്ത് വച്ച്‌ റിസോർട്ട് ജീവനക്കാർ വിനോദ സഞ്ചാരികളുടെ ഒന്നിലധികം ബാഗുകള്‍ തുറന്ന് പരിശോധിക്കുന്നത് കാണാം. വിനോദ സഞ്ചാരികളുടെ സാന്നിധ്യത്തില്‍ തന്നെയായിരുന്നു പരിശോധന. ഇതിനിടെ റിസേട്ടിലെത്തിയ മറ്റ് വിനോദ സഞ്ചാരികളെയും കാണാം. ബാഗില്‍ നിന്നും പുറത്തെടുത്ത വസ്തുക്കള്‍ സമീപത്ത് തന്നെ നിരത്തി വച്ചിരിക്കുന്നു. പരിശോധനയില്‍ ഇവരുടെ ബാഗുകളില്‍ നിന്നും ബാത്ത് ടവലുകള്‍, പൂള്‍ ടവലുകള്‍, ഹെയർ ഡ്രയർ, കിമോണോ സ്റ്റൈല്‍ റോബുകള്‍, ഒരു ഡോർമാറ്റ്, ഒരു ടിവി റിമോട്ട് ബോക്സ്, പാത്രങ്ങള്‍. സ്പൂണുകള്‍ എന്നിവ കണ്ടെത്തി.

Previous Post Next Post