സമാധാനം പുലരുമോ? സമാധാന ശ്രമങ്ങള്‍ക്കുള്ള കരട് തയ്യാറായെന്ന് ഇറാൻ, ഇന്ത്യയുമായി ചര്‍ച്ച നടത്തി ഖത്തര്‍ പ്രധാനമന്ത്രി

സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച്‌ തങ്ങളുടെ നിലപാടിന്റെ കരട് തയാറെന്ന് ഇറാൻ. സമയം ആകുമ്ബോള്‍ ഇത് അമേരിക്കയ്ക്ക് മുന്നില്‍ പ്രഖ്യാപിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച്‌ ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, ഇന്ത്യയുമായി വീണ്ടും ഖത്തർ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. അമേരിക്ക നല്‍കിയ സമയപരിധി നാളേക്ക് കൂടി നീട്ടിയതോടെ സമാധാനത്തിനായി സംയുക്തമായി ശ്രമിക്കുമെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി. അതേസമയം, 45 ദിവസത്തെ താല്‍ക്കാലിക വെടിനിർത്തല്‍ ഇറാൻ തള്ളിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇന്നും ആക്രമണം തുടരുകയാണ്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇറാനില്‍ നിന്നുള്ള ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ തുടരുന്നു. ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ ഫുജൈറയിലെ 'ഡു' ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള 'റിൻ സിസ്റ്റംസ്' കമ്ബനിക്ക് മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈല്‍ ആകാശത്തുവെച്ച്‌ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളില്‍ വീണത്. ഈ സംഭവത്തില്‍ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു.

അതേസമയം മിഡില്‍ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മില്‍ സംസാരിച്ചുവെന്നാണ് വിവരം. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രംഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ 'ഫോറിന്‍ അഫയേഴ്‌സില്‍' എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്.
Previous Post Next Post