കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിജെ റാലി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി മണ്ഡലത്തിലുടനീളം ആവേശത്തിരമാലകൾ സൃഷ്ടിച്ചു. യുഡിവൈഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലി വരും ദിവസങ്ങളിലെ പ്രചാരണത്തിന് വലിയ കരുത്ത് പകരും.
മണിപ്പുഴയിൽനിന്ന് ആരംഭിച്ച ഡിജെ റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കേൾക്കാൻ പോലും നിൽക്കാത്ത ഒരു മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഐക്യ ജനാധിപത്യ മുന്നണിക്കും കോൺഗ്രസിനും അനുകൂലമായി ഈ കേരള നാട് നിൽക്കുമ്പോൾ കോട്ടയം അതിന്റെ മുൻപന്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോയി ചെടിശേരി, ഇട്ടി അലക്‌സ്, എസ്. ഗോപകുമാർ, ഗൗരി ശങ്കർ, പി.കെ. വൈശാഖ്, രാഹുൽ മറിയപ്പള്ളി, അരുൺ മർക്കോസ്, മഞ്ജു എം. ചന്ദ്രൻ, സിസി ബോബി എന്നിവർ പ്രസംഗിച്ചു.
ആധുനിക രീതിയിലുള്ള ഡിജെ ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനത്തിന് പിന്നിലായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് അണിനിരന്നത്. ഇതിന് പിന്നാലെ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ടർമാരെ അഭിവാദ്യം ചെയ്ത് നീങ്ങിയത് പ്രവർത്തകർക്ക് ഇരട്ടി ആവേശം പകർന്നു. കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു എന്നിവയ്ക്ക് പുറമെ ഘടക കക്ഷി നേതാക്കളും പ്രവർത്തകരും റാലിയിൽ സജീവമായി പങ്കെടുത്തു.
മണിപ്പുഴയിൽനിന്ന് ആരംഭിച്ച് മുളങ്കുഴ, പാക്കിൽ, പന്നിമറ്റം, ചിങ്ങവനം വഴി നീങ്ങിയ റാലി പരുത്തുംപാറ, ചോഴിയക്കാട്, പാറയ്ക്കൽക്കടവ് എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. നാൽക്കവല, കഞ്ഞിക്കുഴി, വടവാതൂർ, എംആർഎഫ്, ബണ്ട് റോഡ്, മോസ്കോ കവല, വെള്ളൂപ്പറമ്പ്, കാഞ്ഞിരപ്പള്ളി പടി വഴി നീങ്ങിയ റാലി മണ്ഡലത്തിലെ ഓരോ പ്രധാന കേന്ദ്രങ്ങളിലും സാന്നിധ്യമറിയിച്ചു. ബ്ലസിപ്പടി, മാമ്മൂട്, സംക്രാന്തി, കുമാരനല്ലൂർ മേൽപ്പാലം, തൂത്തൂട്ടി, വാരിശ്ശേരി, ചുങ്കം, ചാലുകുന്ന്, അറുത്തുട്ടി, ഇല്ലിക്കൽ, തിരുവാതുക്കൽ, കാരാപ്പുഴ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി രാത്രിയോടെ പുളിമൂട് കവലയിൽ സമാപിച്ചു.
അക്ഷരനഗരിയെ ത്രിവർണ്ണക്കടലാക്കി മാറ്റിയ റാലിയിൽ ഉടനീളം യുവാക്കളുടെ വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. വികസന മുദ്രാവാക്യങ്ങൾക്കൊപ്പം ഡിജെ സംഗീതത്തിന്റെ താളവും ചേർന്നപ്പോൾ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയെന്ന വിലയിരുത്തലിലാണ് നേതൃത്വം.