ബത്തേരി :വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുതെറിപ്പിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം.കോളിയാടി കണ്ണേത്ത് സ്വദേശിനിയും തമിഴ്‌നാട് ഗുഡല്ലൂര്‍ നീലഗിരി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അധ്യാപികയുമായ ജിലി വില്‍സണ്‍ (43) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോളിയാടി ചെമ്പകച്ചുവട് ജങ്ഷന് സമീപമാണ് അപകടം നടന്നത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപം നില്‍ക്കുകയായിരുന്നു. ഈ സമയം സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്നും അതിവേഗത്തില്‍ വന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് അധ്യാപികയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാറിനും പിക്കപ്പിനും ഇടയില്‍പ്പെട്ട ജിലിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിക്കപ്പ് വാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം കോളിയാടി ഗ്രാമത്തെയും ജിലി ജോലി ചെയ്തിരുന്ന ഗുഡല്ലൂരിലെ വിദ്യാലയത്തെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.