തൃശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പില്‍ പുതിയ നിയന്ത്രണങ്ങള്‍ അടിയന്തരമായി ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കടുത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി വെങ്കിടാചലം നല്‍കിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിഷയത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ആന എഴുന്നള്ളിപ്പിലെ മുൻപത്തെ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍, പുതിയ നിർദ്ദേശങ്ങള്‍ നല്‍കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പൂരം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി നടത്താനാണ് തീരുമാനം. പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കും. കുടമാറ്റം വെറും 15 മിനിറ്റായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്. എങ്കിലും 15 ആനകള്‍ വീതം ഇരു വിഭാഗങ്ങളിലും അണിനിരക്കും. ഇലഞ്ഞിത്തറ മേളം, ആന എഴുന്നള്ളിപ്പ് തുടങ്ങിയവ ഒഴിവാക്കാനാവാത്ത ആചാരങ്ങളാണെന്ന് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കി. സർക്കാർ നിർദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ലളിതമായ രീതിയില്‍ പൂരം നടത്താനാണ് ഇരു ദേവസ്വങ്ങളുടെയും നീക്കം.