കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസുകളുടെ പോര്; വിജയത്തുടര്‍ച്ചയ്ക്ക് മോൻസ് ജോസഫ്, അട്ടിമറിക്കാൻ മാണി വിഭാഗം.


തെരഞ്ഞെടുപ്പിന് ഏതാനും നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ കടത്തുരുത്തി മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കനക്കും.

1996 മുതല്‍ ഇവിടെ സമഗ്രാധിപത്യം യുഡിഎഫിനായിരുന്നെങ്കിലും ഘടക കക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറി ഇടത്തേക്ക് തിരിഞ്ഞപ്പോള്‍ കടുത്തുരുത്തിയിലെ മത്സരം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മാണി വിഭാഗവും തമ്മിലായി. അതേസമയം, തുടർച്ചയായി മണ്ഡലത്തില്‍ വിജയിക്കുന്ന മോൻസ് ജോസഫിന് 2016ല്‍ നേടിയ റെക്കോഡ് ഭൂരിപക്ഷം 2021ലേക്ക് കടക്കുമ്പോള്‍ ഒറ്റയടിക്ക് തന്നെ കുറഞ്ഞു. 42,256 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മോൻസിന് 2021ലെ തെരഞ്ഞെടുപ്പില്‍ 4,256 വേട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങേണ്ടി വന്നു.

അതേസമയം, കടുത്തുരുത്തി ഇത്തവണ പിടിച്ചടക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് എം (എല്‍.ഡി.എഫ്) സ്ഥാനാർത്ഥി നിര്‍മ്മല ജിമ്മി വ്യക്തമാക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ നിർമ്മല കഴിഞ്ഞ അഞ്ച് വർഷത്തെ തദ്ദേശ പ്രതിനിധിയെന്ന നിലയിലെ പ്രവർത്തനങ്ങളിലൂടെ വോട്ടുകള്‍ ഏകീകരിക്കാൻ സാധിക്കുമെന്നാണ് വ്യക്തമാക്കുന്നത്. വീണ്ടും തുടർച്ച തേടിയെത്തുന്ന മോൻസിന് ഇടതില്‍ നിന്നും ശക്തമായ വെല്ലുലവിളി നേരിടുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറക്കാൻ സാധിച്ചതാണ് മാണി വിഭാഗത്തിനും എല്‍ഡിഎഫിനും പ്രതീക്ഷയ്ക്ക് വകയുള്ളത്. ഇത്തവണ അഭിമാന പോരാട്ടത്തിന് കൂടിയാണ് കടുത്തുരുത്തി സാക്ഷ്യം വഹിക്കുന്നത്.


Previous Post Next Post