ജനന രജിസ്‌ട്രേഷനില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള നൂലാമാലകള്‍ സർക്കാർ ഒഴിവാക്കി. പലതരത്തിലുള്ള രേഖകള്‍ക്കു പകരം വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം മാത്രം മതി തിരുത്തലിന്. മാതാപിതാക്കളുടെ പേര്, ഇനിഷ്യല്‍ വികസിപ്പിക്കല്‍, വിവാഹ ശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ള വിവരം, മേല്‍വിലാസത്തില്‍ ഉണ്ടാവുന്ന അക്ഷരത്തെറ്റുകള്‍ എന്നിവ തിരുത്തുന്നതിനുള്ള നടപടികളാണ് ലഘൂകരിച്ചിരിക്കുന്നത്.
നോട്ടറി, 2 ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയാണ് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നത്. ഇതിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയായിരുന്നു.
ജനന മരണ രജിസ്‌ട്രേഷനുകളിലെ വസ്തുതാപരമായ തെറ്റുകള്‍ തിരുത്തുന്നതിന് രജിസ്‌ട്രേഷനിലെ വിവരം തെറ്റാണെന്നും ശരിയായ വിവരങ്ങള്‍ എന്താണെന്നും തെളിയിക്കുന്നതിനുള്ള രേഖകള്‍ക്കൊപ്പം രണ്ട് വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ) സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അധികാരമാണ് സർക്കാർ തദ്ദേശസ്ഥാപന രജിസ്ട്രാർക്ക് നല്‍കിയിരിക്കുന്നത്.