ശംഖുംമുഖം ബീച്ചില്‍ വിദ്യാർത്ഥികള്‍ക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ് ആക്രമണം. ബീച്ചില്‍ വിശ്രമിക്കാനിരുന്ന 21 കാരായ അതിതോഷ്, പല്ലവി എന്നിവരെയാണ് സദാചാര പോലീസ് ചമഞ്ഞ് യുവാക്കള്‍ ആക്രമിച്ചത്.
ഗവ. ആയുർവേദ കോളേജിലെ ഒന്നാം വർഷ ബി.എ.എം.എസ്. വിദ്യാർഥികളാണ് ഇരുവരും. സംഭവത്തില്‍ ബീമാപളളി സ്വദേശികളായ 31 കാരൻ റയീസ, ഇയാളുടെ സുഹൃത്ത് 26 കാരനായ ഹസൻ എന്നിവർ അറസ്റ്റിലായി.
തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ശംഖുംമുഖം ബീച്ചിനടുത്ത് കണ്ണാന്തുറ തീരത്തിനടുത്താണ് സംഭവം. ഞായറാഴ്ച എട്ടരയോടെ ബിഹാറില്‍ നിന്നെത്തിയ യുവതി തിരുവനന്തപുരത്ത് വിമാനമിറങ്ങിയശേഷം നേരെ ശംഖുംമുഖം ബീച്ചിലെത്തി. പിന്നാലെ ഒപ്പം പഠിക്കുന്ന യുവാവുമെത്തി. ശംഖുംമുഖം ബീച്ചില്‍ തീര നിർമാണവുമായി ബന്ധപ്പെട്ട് കുറച്ചുഭാഗം കെട്ടിയടച്ചിട്ടുണ്ട്. ഇതേ തുടർന്ന് ശംഖുംമുഖം കൊട്ടാരത്തിന്റെ ഭാഗത്തുളള മണല്‍ പരപ്പില്‍ വിശ്രമിക്കുകയായിരുന്നു ഇരുവരും.
ആ സമയത്ത് സ്ഥലത്തെത്തിയ പ്രതികള്‍ യുവാവിനെയും യുവതിയെയും വിരട്ടുകയും സദാചാര പോലീസ് ചമയുകയും ചെയ്തു. യുവതിയുടെ ബാഗ് തട്ടിപ്പറിക്കുകയും അതിനുളളില്‍ തുറന്നുനോക്കുകയും ചെയ്തശേഷം കടന്നുപോയി. ബാഗ് തിരികെ നല്‍കാതെ പോയത് യുവതി ചോദ്യം ചെയ്തതോടെ മുടിപിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പാന്റ് വലിച്ചൂരാനും ശ്രമിച്ചു. ഇത് തടയാനെത്തിയ യുവാവിനെ ഇരുവരും ചേർന്ന് മർദിച്ചു.
ഭയന്നോടിയ ഇരുവരും പോലീസ്‌കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടി. ശംഖുംമുഖം ഭാഗത്ത് പട്രോളിങ്ങിലുണ്ടായിരുന്ന എസ്.ഐ.മാരായ ഓമനക്കുട്ടൻ, ജിബിൻ, ഗ്രേഡ് എസ്.ഐ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി. തുടർന്ന് നടത്തിയ പരിശോധനയില്‍ അക്രമികളായ യുവാക്കളെ കയ്യോടെ പിടികൂടി. സ്ത്രീത്വത്തെ അപമാനിച്ചതിനും യുവാവിനെ മർദിച്ചതിനും യുവാക്കള്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തുവെന്ന് എസ്.എച്ച്.ഒ. അശോക് കുമാർ പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.