പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി; പ്രതിഷേധവുമായി യുഡിഎഫ്

പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി പരാതി. യുഡിഎഫ് പ്രവർത്തകരാണ് പരാതി ഉന്നയിച്ചത്.
എന്നാല്‍, സാമഗ്രികള്‍ വെക്കാനായി മെറ്റീരിയല്‍ റൂം മാത്രമാണ് തുറന്നതെന് ഉദ്യോഗസ്ഥരുടെ വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകള്‍ സൂക്ഷിച്ച സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തില്‍ തുറന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

ജെഡിടി സ്കൂളിലാണ് സ്‌ട്രോങ് റൂം പ്രവർത്തിക്കുന്നത്. ഏത് റൂം തുറന്നാലും അത് ഗുരുതരമായ വീഴ്ചയാണെന്നാണ് യുഡിഎഫ് വാദം. സംഭവത്തില്‍ അന്വേഷണം ആവശ്യമാണെന്നും കർശന നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് കെ. പ്രവീണ്‍ കുമാർ പറഞ്ഞു.

എന്നാല്‍, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംങ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. രാവിലെ എട്ടു മണിക്കാണ് വിളിച്ച്‌ അറിയിച്ചത്. ഒമ്പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടതായും ഫാത്തിമ തഹിലിയ

നേരത്തെ മലപ്പുറം ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകള്‍ തുറക്കാൻ ജില്ലാ കലക്ടർ നിർദേശം നല്‍കിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ബാധിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച്‌ യുഡിഎഫ് നേതൃത്വം ഉടൻ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ നിർദേശം നല്‍കിയെന്ന യുഡിഎഫിന്റെ ആരോപണം മലപ്പുറം ജില്ലാ കലക്ടർ തള്ളി. വോട്ടിങ് യന്ത്രങ്ങള്‍ ത്രിതല സുരക്ഷാ സംവിധാനങ്ങളോടെ പൂർണ സുരക്ഷിതമാണെന്നും, മറിച്ചുളള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഇലക്ഷൻ ഓഫീസറായ കലക്ടർ ഡോ. വിനയ് ഗോയല്‍ ഐഎഎസ് വ്യക്തമാക്കി.
Previous Post Next Post