ചെറിയൊരു അബദ്ധം പറ്റി, വഴി തെറ്റി, കൊടും വനത്തില്‍ ഒറ്റയ്ക്കായി, ഭയം തോന്നിയില്ല!'


ഒടുവില്‍ ആ ആശ്വാസ വാര്‍ത്ത എത്തി. കുടകില്‍ ട്രെക്കിംഗിനിടെ കാണാതായ കോഴിക്കോട് സ്വദേശിനി ജി എസ് ശരണ്യയെ കണ്ടെത്തി.

പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിലാണ് വനമേഖലയില്‍ നിന്ന് ശരണ്യയെ കണ്ടെത്തിയത്. ശരണ്യ ആരോഗ്യവതിയാണ്.

ട്രെക്കിംഗിനിടെ വഴി തെറ്റിയതാണെന്ന് ശരണ്യ പറയുന്നു. ചെറിയൊരു അബദ്ധം പറ്റിയതാണ് വഴി തെറ്റാന്‍ കാരണം. മുകളിലുണ്ടായിരുന്നവരെ കാണാന്‍ കഴിഞ്ഞില്ല. അവരെ കാണാന്‍ ഇടതുവശം വഴി കറങ്ങിവരാന്‍ ശ്രമിച്ചു. എന്നാല്‍, ആരെയും കാണാന്‍ കഴിഞ്ഞില്ല. ശരണ്യ പറയുന്നു.

അതിനിടെ, ഫോണിന്റെ നെറ്റ് വര്‍ക്ക് നഷ്ടമായി. അതോടെ കൊടുവനത്തില്‍ ഒറ്റപ്പെട്ടു. താഴെ ഇറങ്ങാനുള്ള ശ്രമമായിരുന്നു പിന്നീട്. കൈവശം ഒരു കുപ്പി വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ആനകളുളള കാടാണ്. എന്നാല്‍, ഭയം തോന്നിയില്ലെന്നും ശരണ്യ പറയുന്നു.

കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് 36കാരിയായ ശരണ്യ. ഏപ്രില്‍ ഒന്നിനാണ് കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തഡിയന്‍ഡമോള്‍ കയറാന്‍ ശരണ്യ എത്തിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നു.

ട്രെക്കിംഗിന് എത്തിയ 10 അംഗ സംഘത്തോടൊപ്പം വ്യാഴാഴ്ച രാവിലെയാണ് ട്രെക്കിംഗിന് പുറപ്പെട്ടത്. സംഘത്തിലുള്ളവര്‍ ശരണ്യയ്ക്ക് പരിചയമുള്ളവരായിരുന്നില്ല. സംഘത്തിനൊപ്പമല്ല, പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചിരുന്നത്. പിന്നാലെ ശരണ്യയെ കാണാതായി.

Previous Post Next Post