കോണിപ്പടിയില്‍ നിന്നും വീണു; മലപ്പുറത്ത് 7 വയസുകാരിക്ക് ദാരുണാന്ത്യം!

മലപ്പുറത്ത് വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് 7 വയസുകാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്‌നിയ ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു മരണം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി വീണതെന്ന് പൊലീസ് പറയുന്നു.

കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തസ്‌നിയ. ഉമ്മ: സുബ്ഹാന. സഹോദരങ്ങള്‍: തമീം, തബ്ഷീറ, തന്‍വീറ.

കഴിഞ്ഞ ദിവസം അഞ്ചലില്‍ 11 വയസുകാരി കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വാളകം പുത്തൻവിള വീട്ടില്‍ ബിനോയി സിമി ദമ്പതികളുടെ മകള്‍ അഹന്ന ബിനോയിയാണ് മരിച്ചത്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റ് മുന്നോടിയായി മോക്ടെസ്റ്റില്‍ പങ്കെടുക്കുവാൻ വാളകത്തെ സ്ഥാപനത്തില്‍ നിന്നും അഞ്ചലിലെ കരാട്ടെ സ്ഥാപനത്തില്‍ എത്തിയതായിരുന്നു കുട്ടി. പരിശീലനം നടക്കുന്നതിനിടെ അഹന്നയ്‌ക്ക് വയറുവേദനയും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഉടൻ തന്നെ മാതാവും പരിശീലകനും ചേർന്ന് കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Previous Post Next Post