കേരള നിയമസഭയിലേക്കുള്ള 140 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പകുതി പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് മികച്ച പോളിംഗ്.
വൈകുന്നേരം 5 മണി വരെ കണക്കുകള്‍ പ്രകാരം 67.10% ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇതേ പ്രവണത തുടർന്നാല്‍ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി (പൊന്നുരുന്നി), മോഹൻലാല്‍ (മുടവൻമുകള്‍), സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി (തൊടുപുഴ) എന്നിവരും സ്പോർട്സ് താരം പി.ടി. ഉഷയും വോട്ട് രേഖപ്പെടുത്താനെത്തി.
തൃക്കരിപ്പൂർ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തില്‍ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ ആരോപിച്ചു. തടയാൻ ശ്രമിച്ച ഏജന്റിനെ മർദ്ദിച്ചതായും ഇവിടെ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കമ്മീഷന് പരാതി നല്‍കി. വടക്കാഞ്ചേരിയില്‍ പാറപ്പറമ്പില്‍ സജീവൻ എന്ന വ്യക്തിയുടെ വോട്ട് മറ്റൊരാള്‍ പോസ്റ്റല്‍ വോട്ടായി ചെയ്തതിനെച്ചൊല്ലി ഗേള്‍സ് ഹൈസ്കൂളില്‍ വൻ പ്രതിഷേധം. എൻഡിഎ സ്ഥാനാർത്ഥി ഉല്ലാസ് ബാബു ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.