ഇന്ത്യന്‍ നിരത്തുകളിലെ സാധാരണക്കാരന്റെ 'ലക്ഷ്വറി കാര്‍' എന്ന് വിശേഷിപ്പിക്കാവുന്ന മാരുതി സുസുക്കി ആള്‍ട്ടോ K10 (Maruti Suzuki Alto K10) വിപണിയിലെ കരുത്തന്മാരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുന്നു. ചില ഓട്ടോറിക്ഷകളേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്നതും, അമ്പരപ്പിക്കുന്ന മൈലേജുമാണ് ഈ കുഞ്ഞന്‍ കാറിനെ വീണ്ടും വിപണിയിലെ താരമാക്കി മാറ്റുന്നത്. എന്‍ട്രി ലെവല്‍ കാറുകളുടെ വില്‍പ്പന മന്ദഗതിയിലായ വാര്‍ത്തകള്‍ക്കിടയിലാണ് വമ്പന്‍ വളര്‍ച്ചയുമായി ആള്‍ട്ടോ K10 ഹാച്ചിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 11,515 യൂണിറ്റ് ആള്‍ട്ടോ K10 കാറുകളാണ് കമ്പനി വിറ്റഴിച്ചത്.
ചെറിയ ഇടവേളക്ക് ശേഷം ഇടത്തരം കുടുംബങ്ങളും ആദ്യമായി കാര്‍ വാങ്ങുന്നവരും വീണ്ടും ആള്‍ട്ടോയെ പരിഗണിച്ച് തുടങ്ങിയെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോ K10-ന് കരുത്തേകുന്നത്. പെട്രോളിന് പുറമെ സിഎന്‍ജി (CNG) ഓപ്ഷനിലും ഈ കാര്‍ ലഭ്യമാണ്.
പെട്രോള്‍ പതിപ്പില്‍ 5-സ്പീഡ് മാനുവല്‍, എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ആള്‍ട്ടോ K10 വിപണിയിലെ മറ്റ് വാഹനങ്ങളെ ബഹുദൂരം പിന്നിലാക്കുന്നു. പെട്രോള്‍ മാനുവല്‍ പതിപ്പിന് ലിറ്ററിന് 24.39 കിലോമീറ്ററും എജിഎസ് പതിപ്പിന് ലിറ്ററിന് 24.90 കിലോമീറ്ററുമാണ് കമ്പനി ഇന്ധനക്ഷമത അവകാശപ്പെടുന്നത്.സിഎന്‍ജി വേരിയന്റാകട്ടെ കിലോയ്ക്ക് 33.40 കിലോമീറ്റര്‍ എന്ന ആകര്‍ഷകമായ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കുഞഞ്ഞ ഇന്ധനച്ചെലവില്‍ കാര്‍ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.