ഇന്ത്യൻ പ്രീമിയർ ലീഗ്(ഐപിഎൽ) ക്രിക്കറ്റ് ആവേശം കൊടികയറാൻ ഇനി മണിക്കൂറുകൾ മാത്രം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും മുഖാമുഖം വരുന്നതോടെ ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങൾക്ക് തുടക്കമാകും. ഇന്ന് രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.
ഐപിഎൽ ആരംഭിച്ചത് മുതൽ ഉദ്ഘാടന ചടങ്ങുകൾ ഐപിഎല്ലിന്റെ മുഖമുദ്രയാണെങ്കിലും, ഈ വർഷം ആ പതിവുണ്ടാകില്ല. പുൽവാമ ആക്രമണത്തെത്തുടർന്ന് 2019 ൽ ഐപിഎൽ ഉദ്ഘാടന ചടങ്ങ് മുമ്പ് നിർത്തിവച്ചിരുന്നു, പിന്നീടുള്ള സീസണുകൾ കോവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ വർഷം കൊൽക്കത്തയിൽ തുടങ്ങിയ ഐപിഎൽ സീസൺ ഷാരൂഖ് ഖാൻ, ശ്രേയ ഘോഷാൽ, ദിഷ പടാനി, കരൺ ഔജ്ല തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളോടെയാണ് തുടങ്ങിയത്. എന്നാൽ ഇത്തവണ ബിസിസിഐ ഐപിഎൽന്റെ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ്. പ്രൗഢ ഗംഭീരമായ ഒരു ഉദ്ഘാടന പരിപാടി ഉണ്ടാകില്ല, പക്ഷേ ബിസിസിഐ പകരം ഒരു സമാപന ചടങ്ങ് ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
എന്തുകൊണ്ടാണ് ഐപിഎൽ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയത് ?
കഴിഞ്ഞ സീസണിൽ ചാംപ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലുംതിരക്കിലുംപെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിലെ ആഘോഷം ഇത്തവണ ഒഴിവാക്കിയത്.
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടന ചടങ്ങില്ലാതെ ആരംഭിക്കുന്നത് ഇതാദ്യമല്ല. 18 വർഷത്തെ ചരിത്രത്തിൽ, സുരക്ഷാ ആശങ്കകൾ, ദേശീയ ദുരന്തങ്ങൾ, കോവിഡ്-19 പാൻഡെമിക് എന്നിവ കാരണം മുമ്പ് നാല് തവണ ഐപിഎൽ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.
