വേനല്‍ മഴയില്‍ വിറച്ച്‌ കേരളം; വ്യാപക നഷ്ടം, മിന്നലേറ്റ് ഒരു മരണം.


കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നു. വടക്കൻ കേരളത്തില്‍ വേനല്‍ മഴയില്‍ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

മലപ്പുറം എടവണ്ണയില്‍ മിന്നലേറ്റയാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. മാവൂരില്‍ കനത്ത മഴയില്‍ വീട് തകർന്നു. കൊയിലാണ്ടിയില്‍ മരക്കൊമ്പ് പൊട്ടിവീണ് ബെെക്ക് യാത്രക്കാരന് പരിക്കേറ്റു. എല്‍ഐസി ജീവനക്കാരനായ ആദർശിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നഗരം, നാദാപുരം, കുറ്റ്യാടി തുടങ്ങിയ ഇടങ്ങളിലും കണ്ണൂർ, തലശേരി, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട് തുടങ്ങിയ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു. കൂത്തുപറമ്പ് പരശൂരില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു. പലയിടത്തും വെെദ്യുതി തടസപ്പെട്ടിരിക്കുകയാണ്.

ചിറ്റാരിപ്പറമ്പില്‍ കടയുടെ മേല്‍ക്കൂര പറന്നുപോയി. കൂടാതെ ഇവിടുത്തെ ജിംനേഷ്യത്തിന്റെ മേല്‍ക്കൂര തകർന്നുവീണ് വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് വീടുകള്‍ക്ക് മുകളില്‍ തെങ്ങ് വീണു. നൊടുപൊയില്‍ ടൗണിന് സമീപം റോഡില്‍ മരം കടപുഴകി ഗതാഗതം സതംഭിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും (28/03/2026) നാളെയും (29/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച്‌ 30 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.

Previous Post Next Post