തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻമന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമർശനമാണ്. പലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്. കോമാളി പദപ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.
രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാൻ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമർശനമാണ് നടത്തിയത്. മധ്യേഷ്യൻ സംഘർഷത്തിലും, പലസ്തീൻ വിഷയത്തെക്കുറിച്ചും ഞങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. എന്നാൽ, ആ നിലപാടുകൾക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.
സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തിൽ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു. നാടകത്തിൽ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവർ. എന്തിനാണ് ഇപ്പോൾ അസഹിഷ്ണുത?. കലാകാരന്മാർ എന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?. ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
തോമസ് ഐസക്കിൻറെ വിവാദ പരാമർശം ഇങ്ങനെ :
കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു' എന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർത്ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മൽസരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ' എന്നായിരുന്നു തോമസ് ഐസക്കിൻറെ പരിഹാസം.
