കോട്ടയത്ത്‌ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത.


പൊൻകുന്നം തോണിപ്പാറയില്‍ ദമ്പതികളെ വീടിനുള്ളില്‍ രക്തം വാർന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം പുറംലോകമറിഞ്ഞത്. ഇവർക്കൊപ്പം താമസിച്ചിരുന്ന രണ്ടര വയസ്സുകാരിയായ പെണ്‍കുഞ്ഞ് പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരാഴ്ച മുൻപ് മാത്രം തോണിപ്പാറയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയതായിരുന്നു ഈ കുടുംബം. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചില്‍ കേട്ട് വീട്ടുടമസ്ഥൻ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍, ഇവരെ ഇവിടെ എത്തിച്ച ആളുമായി ചേർന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച്‌ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദമ്പതികളെ ഹാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവർ താമസത്തിനെത്തിയ ശേഷം വീട്ടില്‍ നിന്നും ബഹളങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നതായി വീട്ടുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ദമ്പതികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.

വീടിനുള്ളില്‍ മല്‍പിടുത്തം നടന്നതിന്റെയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊൻകുന്നം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ തനിച്ചായിപ്പോയ കുഞ്ഞിനെ നിലവില്‍ ബന്ധുക്കള്‍ക്ക് കൈമാറി.

Previous Post Next Post