കൊച്ചി: എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയിൽ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. നിരവധി ജീവനക്കാർക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.
ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഇയാൾ ബിഹാർ സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.
കമ്പനിയിൽ 30 പേരാണ് ഉണ്ടായിരുന്നത്. ഓയിൽ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തമുണ്ടായതിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഓയിൽ കമ്പനി ആയതിനാൽ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.
