പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎമ്മിനെ സമീപിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ച ചെയ്തയാണ് വിവരം. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലേക്ക് റിപ്പോർട്ട് ചെയ്തു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണ്.
കുടുംബപരമായ കാര്യങ്ങളുണ്ടെന്നാണ് ജോർജ് സിപിഎം നേതാക്കളെ അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്‌സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്. സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോടാണ് ജോർജ് ഫോണിലൂടെയും ചിലരോട് നേരിട്ടും വാക്കാൽ ആവശ്യപ്പെട്ടത്. ഏരിയാതലത്തിലുള്ളവർ ജില്ലാ തലത്തിലേക്കും ജില്ലാ തലത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്കും വിവരം കൈമാറി. വീണാ ജോർജിനോടും ഭർത്താവിനോടും ആവശ്യത്തിന്റെ നിജ സ്ഥിതി ആരായാനുള്ള നീക്കം സംസ്ഥാന നേതൃത്വത്തിൽ നിന്നുണ്ടാകും.
ആറന്മുളയിലെ സിറ്റിങ് എംഎൽഎയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ജില്ലാ കമ്മിറ്റി വീണയുടെ പേരുമാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂ. 2016-ൽ പുതുമുഖ സ്ഥാനാർഥിയായിട്ടാണ് മാധ്യമപ്രവർത്തകയായിരുന്ന വീണ സിപിഎം ചിഹ്നത്തിൽ ആറൻമുളയിൽ മത്സരിച്ചത്. 2021-ലും ജയം ആവർത്തിച്ചു. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും ജയിച്ചില്ല. ജോർജിൽനിന്ന് ഇത്തരമൊരു ആവശ്യമുണ്ടായത് സിപിഎമ്മിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിൽ വിശ്രമത്തിലാണ്.
