എല്‍ഡ‍ിഎഫ്-ബിജെപി 'ഡീല്‍' ആക്രമണവുമായി ഖര്‍ഗെയും, കേരളത്തില്‍ അന്തര്‍ധാര സജീവം; 'യുഡിഎഫ് അധികാരത്തിലേറും, എല്ലാ ഗ്യാരന്‍റിയും നടപ്പാക്കും'

കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു.

കേരളത്തില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ശക്തമായ അന്തർധാരയുണ്ടെന്നാണ് ഖർഗെ പറഞ്ഞുവച്ചത്. സി പി എമ്മിന് വോട്ട് ചെയ്യുന്നത് ബി ജെ പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സി പി എമ്മിനെ ജയിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും ബി ജെ പി ശക്തരായ സ്ഥാനാർഥികളെ നിർത്താത്തത്. എല്‍ ഡി എഫ് ജനങ്ങള്‍ക്ക് ഒപ്പമല്ല, ബി ജെ പിക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും ഖർഗെ വിമർശിച്ചു. മാറ്റം വേണമെങ്കില്‍ യു ഡി എഫിന് വോട്ട് ചെയ്യണം. വീണ്ടും ഇടത് പക്ഷം വന്നാല്‍ കേരളം തകരുമെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ 10 വർഷമായി കേരളത്തില്‍ വികസനങ്ങളൊന്നും നടക്കുന്നില്ലെന്നും ബാറുകളുടെ എണ്ണം കൂട്ടിയതും കടബാധ്യത വർദ്ധിപ്പിച്ചതുമാണ് സർക്കാരിന്റെ നേട്ടമെന്നും ഖർഗെ പരിഹസിച്ചു. കേരള മോഡല്‍ തകർത്ത പിണറായി സർക്കാർ സംസ്ഥാനത്തെ മയക്കുമരുന്ന് കേന്ദ്രമാക്കി മാറ്റിയെന്ന് ഖർഗെ കുറ്റപ്പെടുത്തി. മയക്കുമരുന്ന് കേസില്‍ കേരളം രണ്ടാം സ്ഥാനത്ത് എത്തിയെന്നും ഖർഗെ വിമർശിച്ചു. ആരോഗ്യ മേഖല തകരുകയും യോഗ്യതയില്ലാത്തവരെ പിൻവാതിലിലൂടെ ജോലിയില്‍ തിരുകിക്കയറ്റുകയും ചെയ്യുന്നു. ശബരിമല വിഷയത്തില്‍ പോലും ഭക്തരെ സർക്കാർ വഞ്ചിച്ചു. ശബരിമലയില്‍ ദൈവത്തെ പോലും വെറുതെ വിട്ടില്ല. സ്വർണക്കൊള്ള നടത്തിയ പ്രതികള്‍ക്ക് മുഴുവൻ രക്ഷപെടാൻ സർക്കാർ അവസരം നല്‍കിയെന്നും ഖർഗെ വിമർശിച്ചു. വിദേശത്തുനിന്ന് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി ഒരു പദ്ധതിയും സർക്കാരിന്റെ പക്കലില്ല. ലയണല്‍ മെസ്സി വരുമെന്ന് പറഞ്ഞ് യുവാക്കളെ പറ്റിച്ച സർക്കാർ കായിക പ്രേമികളെ നിരാശപ്പെടുത്തിയെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

യു ഡി എഫ് അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നല്‍കുന്ന എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു. കർണാടകയിലും തെലങ്കാനയിലും ഹിമാചല്‍ പ്രദേശിലും നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങള്‍ മാത്രം പ്രവർത്തിക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബി ജെ പിയെയും സി പി എമ്മിനെയും ഒരുപോലെ നേരിടാൻ യു ഡി എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് ആഭ്യർത്ഥിച്ചു. കോഴിക്കോട് നടത്തിയ വമ്പൻ റാലിയില്‍ ഷാഫി പറമ്പിലായിരുന്നു ഖർഗെയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.
Previous Post Next Post