തിരുവനന്തപുരം: എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങൾ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വർത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങൾ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.
മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ഇടതുപക്ഷത്തിന്റെ നിലപാട് എല്ലാവർക്കും വ്യക്തമാണ്. വർഗീയതയ്‌ക്കെതിരെ വലിയ തോതിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി നിരവധി പേർക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
എന്നിട്ടിപ്പോൾ പ്രചരിപ്പിക്കാൻ നോക്കുന്നത് ഞങ്ങൾ വർഗീയതയുമായി സമവായത്തിന് ഒരുങ്ങുന്നു എന്നാണ്. വർഗീയതയുമായി ഇടതുപക്ഷം ഒത്തുപോകുന്നു എന്ന് പരസ്യമായും വലിയ തോതിൽ രഹസ്യമായും പ്രചരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ആപത്തു വിതച്ചതാണ് ഭൂരിപക്ഷ വർഗീയത്. ആ ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തിൽ എൽഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഞങ്ങൾ ഭൂരിപക്ഷ വാർഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാൽ, രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നവരല്ലേ അതിനു തുനിഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഭൂരിപക്ഷ വർഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ന്യൂനപക്ഷങ്ങൾക്കിടയിൽ നല്ല മതിപ്പുണ്ടാക്കി. മുൻകാല ചരിത്രം നോക്കിയാൽ ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമുള്ളവരായിരുന്നില്ല ന്യൂനപക്ഷങ്ങൾ. എന്നാൽ അവർ അനുഭവത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കി. അങ്ങനെയാണ് ന്യൂനപക്ഷം ഇടതുപക്ഷത്തോട് അനുഭാവമുള്ളവരാകുന്നത്. എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ ഒരേ മനസ്സോടെ കാണുന്ന നിലയുണ്ടായി. രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ മതനിരപേക്ഷ ചിന്താഗതിക്കാരാണ് ഏറ്റവും കൂടുതലുള്ളത്.
അവർ ഇടതുപക്ഷത്തെ വിരോധപരമായി കാണുന്നത് അവസാനിച്ചു. ഇടതുപക്ഷത്തെ സ്വീകരിക്കാൻ തയ്യാറായി. ഇത് തങ്ങൾക്ക് വലിയ അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടണമെന്ന തോന്നലിൽ വലതുപക്ഷ ശക്തികൾ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിലപാടിൽ ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെ നടപ്പാക്കാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് പല കാര്യങ്ങളിലും പരിമിതിയുണ്ട്. എന്നാൽ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിന്റെ ഭാഗമായിട്ടാണ് നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ സർക്കാർ തയ്യാറായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
